മാപ്പ് പറയാന്‍ എന്റെ പേര് സവര്‍ക്കര്‍ എന്നല്ല എന്ന് രാഹുല്‍ഗാന്ധി
‘മരിക്കാന്‍ തയ്യാറാണ്. എന്നാല്‍ മാപ്പ് പറയില്ല. മാപ്പ് പറയാന്‍ തന്റെ പേര് സവര്‍ക്കര്‍ എന്നല്ലെന്നു കോണ്‍ഗ്രസ്സ് നേതാവ് രാഹുല്‍ ഗാന്ധി. ഡല്‍ഹിയില്‍ സര്‍ക്കാരിനെതിരെ സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. റേപ്പ് ഇന്‍ ഇന്ത്യ പരാമര്‍ശത്തിലാണ് മാപ്പ് പറയില്ലെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയത്.
രാജ്യത്ത് സ്ത്രീ പീഡനക്കേസുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ മോദി സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ടാണ് ജാര്‍ഖണ്ഡിലെ റാലിയില്‍ രാഹുല്‍ റേപ്പ് ഇന്‍ ഇന്ത്യ പരാമര്‍ശം നടത്തിയത്. ‘മേക്ക് ഇന്‍ ഇന്ത്യ എന്നാണ് മോദി പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ എവിടെ നോക്കിയാലും റേപ്പ് ഇന്‍ ഇന്ത്യയാണ് കാണുന്നതെന്നായിരുന്നു രാഹുലിന്റെ വിമര്‍ശനം. രാഹുല്‍ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ രംഗത്തെത്തിയിരുന്നു.
എന്നാല്‍ മാപ്പ് പറയേണ്ടത് പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമാണ് എന്നാണു രാഹുല്‍ പറഞ്ഞത്. രാജ്യത്തെ ദ്രോഹിക്കുന്നത് ശത്രുക്കളല്ല പ്രധാനമന്ത്രിയാണ്. നരേന്ദ്രമോദി ഭരണഘടനയെ തകര്‍ത്തു. രാജ്യം സാമ്പത്തിക തകര്‍ച്ചയിലാണ്. വളര്‍ച്ചാ നിരക്ക് കുത്തനെ കുറഞ്ഞു. വിലക്കയറ്റം ജനങ്ങളെ തകര്‍ത്തുവെന്നും പൗരത്വ ഭേദഗതി ബില്‍ ജനങ്ങളെ ഭിന്നിപ്പിച്ചുവെന്നും രാഹുല്‍ പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാജ്യത്തിന് വേണ്ടി മരിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.