അടുത്ത ഇരുട്ടടി ; ജീവന്‍ രക്ഷാ മരുന്നുകള്‍ക്ക് വില കുത്തനെ കൂട്ടാന്‍ കേന്ദ്രത്തിന്റെ അനുമതി

കേന്ദ്രത്തിന്റെ ജന സേവനം തീരുന്നില്ല. പൊതുജനങ്ങള്‍ക്ക് ദുരിതമാകുന്നു തരത്തിലുള്ള നടപടികള്‍ ദിവസവും ഓരോന്ന് വീതമെന്ന നിലയില്‍ ഇപ്പോള്‍ വരികയാണ്. അതില്‍ അവസാനമായി അവശ്യ മരുന്നുകളുടെ വില 50 ശതമാനം വരെ വര്‍ധിപ്പിക്കുന്നതിന് കമ്പനികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി.

ആന്റിബയോട്ടിക്കുകള്‍, അലര്‍ജിക്കും മലേറിയക്കുമെതിരെയുള്ള മരുന്നുകള്‍, ബിസിജി വാക്‌സിന്‍, വിറ്റാമിന്‍ സി എന്നിവയുള്‍പ്പെടെ 21 മരുന്നുകള്‍ക്കാണ് വില വര്‍ധിപ്പിക്കാന്‍ എന്‍പിപിഎ നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അതോറിറ്റി [ എന്‍ പി പി എ] അനുമതി നല്‍കിയത്. ആദ്യമായാണ് ഒറ്റയടിക്ക് 50 ശതമാനം വില വര്‍ധിപ്പിക്കുന്നത്.

മരുന്നുകളുടെ വില കൂട്ടണമെന്ന് രണ്ടു വര്‍ഷമായി കമ്പനികള്‍ ആവശ്യപ്പെട്ട് വരികയായിരുന്നു. ഈ ആവശ്യത്തിനാണ് ഇപ്പോള്‍ അനുമതി നല്‍കിയിരിക്കുന്നത്. അസംസ്‌കൃത സാധനങ്ങളുടെ വില വര്‍ധനയാണ് ഇതിനു ന്യായീകരണമായി കമ്പനികള്‍ പറയുന്നത്. വില കുറവായതിനാല്‍ പല മരുന്നുകളുടെയും ഉത്പാദനം കമ്പനികള്‍ നിര്‍ത്തി വച്ചിരുന്നു.

ഇത് മരുന്നുകളുടെ ദൗര്‍ലഭ്യത്തിന് വഴിയൊരുക്കി. ഇത് ഒഴിവാക്കുന്നതിനാണ് വില കൂട്ടാന്‍ അനുമതി നല്‍കിയതെന്ന് എന്‍ പി പി എ നല്‍കുന്ന വിശദീകരണം. പുതുക്കിയ വില ഏപ്രില്‍ ഒന്ന് മുതല്‍ നടപ്പാകും. കൂടുതല്‍ മരുന്നുകള്‍ വിപണിയില്‍ എത്തുന്നതിന് വേണ്ടിയാണ് വില ഉയര്‍ത്തുന്നതെന്നാണ് വിശദീകരണം.