പോലീസിന്റെ തോന്നിവാസം ചോദ്യം ചെയ്ത യുവാവിന് മര്‍ദനം

പോലീസ് ജീപ്പ് കാരണം ഗതാഗത തടസ്സം ചൂണ്ടിക്കാട്ടിയ വഴിപോക്കനു വളപട്ടണം പൊലീസിന്റെ മര്‍ദനം. കണ്ണൂര്‍ അലവില്‍ പണ്ണേരിമുക്കിലാണു സംഭവം. റോഡിനു നടുവില്‍ ജീപ്പ് നിര്‍ത്തി പുകവലിക്കാരനു പിഴയിട്ട പൊലീസിനോട്, ജീപ്പ് നിര്‍ത്തിയതുമൂലം റോഡിലുണ്ടായ ഗതാഗത തടസ്സം ചൂണ്ടിക്കാട്ടിയ ആള്ക്കാണ് പൊലീസ്‌ന്റെ മര്‍ദനം ഏല്‌ക്കേണ്ടിവന്നത്. നിയമം പഠിപ്പിക്കാന്‍ നീയാരാണെന്നു ചോദിച്ച എസ്‌ഐ യുവാവിനോടു ജീപ്പില്‍ കയറാന്‍ ആവശ്യപ്പെട്ടു. എന്തു തെറ്റു ചെയ്തിട്ടാണെന്നു ചോദിച്ചതോടെ വലിച്ചിഴച്ചു ജീപ്പില്‍ കയറ്റാന്‍ ശ്രമിച്ചു.

ഇതിനിടെ പ്രശ്‌നത്തില്‍ ഇടപെട്ട നാട്ടുകാര്‍ പോലീസ് നടപടി എതിര്‍ത്തു. ഇതോടെ സ്‌ട്രൈക്കര്‍ ഫോഴ്‌സിനെ വിളിച്ചുവരുത്തി. ഉന്തിലും തള്ളിലും എസ്‌ഐ നിലത്തുവീണു. ഏറെ നേരം നടന്ന വാഗ്വാദത്തിനൊടുവില്‍ നാട്ടുകാര്‍ ഓട്ടോറിക്ഷയില്‍ യുവാവിനെ സ്റ്റേഷനിലെത്തിച്ചു. യുവാവ് പൊലീസിനോടു മോശമായി സംസാരിച്ചുവെന്നും കേസെടുക്കുമെന്നും വളപട്ടണം സിഐ പറഞ്ഞു.

എന്തു വകുപ്പു പ്രകാരമാണു കേസെന്ന ചോദ്യത്തിന്, വകുപ്പു തീരുമാനിച്ചിട്ടില്ലെന്നായിരുന്നു പൊലീസിന്റെ മറുപടി. സ്റ്റേഷനിലെത്തിയ നാട്ടുകാരില്‍ രണ്ടു പേരുടെ മൊബൈല്‍ ഫോണും പൊലീസ് പിടിച്ചുവച്ചു. എസ്‌ഐ ആശുപത്രിയില്‍ അഡ്മിറ്റായിട്ടുണ്ട്. പോലീസ് നടപടി ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്തതാണ് എന്ന് നാട്ടുകാര്‍ പറയുന്നു.