ജോര്‍ജ്കുട്ടിയും കുടുംബവും ചൈനീസ് സംസാരിക്കുന്നു ; ട്രെയ്ലര്‍ കേരളത്തിലും ഹിറ്റ്

ആദ്യമായിട്ടാകും ഒരു ചൈനീസ് മൂവി ട്രെയിലര്‍ കേരളത്തില്‍ വൈറല്‍ ആവുന്നത്. ഷീപ്പ് വിത്തൗട്ട് ഷെപ്പേര്‍ഡ്’ എന്ന സിനിമാ ട്രെയ്ലര്‍ ആണ് വാട്‌സാപ്പ് ഗ്രൂപ്പുകളിലും മറ്റും തരംഗം തീര്‍ത്തത്. ഭാഷ അറിയില്ല എങ്കിലും മലയാളികള്‍ക്ക് ട്രെയ്ലര്‍ കണ്ടപ്പോള്‍ ഡയലോഗ് വരെ മനസിലായി. എന്താണ് കാരണം എന്നല്ലേ
മോഹന്‍ലാലും മീനയും പ്രധാന വേഷങ്ങളിലെത്തിയ ജീത്തു ജോസഫിന്റെ ‘ദൃശ്യം’ സിനിമയുടെ ചൈനീസ് റീമേക് ആണ് ഷീപ്പ് വിത്തൗട്ട് ഷെപ്പേര്‍ഡ്’.

ഇതോടെ രാജ്യാന്തര ഭാഷയിലേക്ക് റീമേക്ക് ചെയ്യപ്പെട്ട ആദ്യ മലയാള സിനിമയായി മാറുകയാണ് ദൃശ്യം. ഇന്ത്യയിലെ നിരവധി ഭാഷകളിലേക്ക് ദൃശ്യം ഇതിനകം തന്നെ റീമേക്ക് ചെയ്യപ്പെട്ടിട്ടുണ്ട്.
തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലാണ് ഇതിനു മുന്‍പ് റീമേക്ക് ചെയ്തത്. മലയാളത്തില്‍ ആദ്യമായി 50 കോടി കളക്ഷന്‍ നേടിയ സിനിമ കൂടിയായിരുന്നു ദൃശ്യം.

ഹേങ് വാന്‍ എന്ന ചൈനീസ് സിനിമാ ബാനറാണ് ചിത്രത്തിന്റെ റീമേക്ക് അവകാശം നേടിയിരിക്കുന്നത്. ദൃശ്യത്തിന്റെ നിര്‍മാതാവ് ആന്റണി പെരുമ്പാവൂരും സംവിധായകന്‍ ജീത്തു ജോസഫും അടങ്ങുന്ന സംഘം ചൈനയിലെ ബെയ്ജിങ്ങിലെത്തിയാണു കരാറില്‍ ഒപ്പിട്ടത്. ചൈനീസ് ദൃശ്യം ഈ മാസം ഇരുപതിന് റിലീസ് ആകും. കേരളത്തില്‍ റിലീസ് ഉണ്ടാകുമോ എന്ന് ഇതുവരെ അറിയിപ്പൊന്നും ലഭിച്ചിട്ടില്ല.