ലോക കേരള സഭയില്‍ ജര്‍മനിയില്‍ നിന്നും ഗിരികൃഷ്ണന്‍ രാധമ്മയും
മ്യൂണിക്: ലോകമെമ്പാടുമുള്ള മലയാളികളായ പ്രവാസികളുടെ പ്രതിനിധികളെ ഉള്‍ക്കൊള്ളിച്ച് സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച ലോക കേരള സഭയില്‍ ജര്‍മനിയില്‍ നിന്നുള്ള പ്രതിനിധി ഗിരികൃഷ്ണന്‍ പങ്കെടുക്കും. ലോക കേരള സഭയുടെ രണ്ടാമത് സമ്മേളനം 2020 ജനുവരി 2, 3 തീയതികളില്‍ നിയമസഭാ കോംപ്ലക്സില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടക്കും.
ജര്‍മനിയില്‍ മലയാളികളുടെ ഇടയില്‍ കഴിഞ്ഞ ഒരു ദശാബ്ദത്തോളമായി പ്രവര്‍ത്തിക്കുന്ന ഗിരികൃഷ്ണന്‍ നിലവില്‍ മ്യൂണിക്കിലെ കേരളസമാജം പ്രസിഡന്റ് ആണ്. തിരുവനന്തപുരം അരുവിക്കര സ്വദേശിയായ ഗിരി ഇപ്പോള്‍ ജര്‍മനിയില്‍ എന്‍ജിനീയറായി ജോലിചെയ്യുന്നു.
സംസ്ഥാനത്തിന്റെ എംപിമാരും എംഎല്‍എമാരും മറ്റു രാജ്യങ്ങളിലെ മലയാളികളായ ജനപ്രതിനിധികളുമുള്‍പ്പെടെ നിരവധിപേര്‍ സമ്മേളനത്തതില്‍ പങ്കെടുക്കും. പ്രവാസികള്‍ സാമ്പത്തികമായി മാത്രമല്ല ആശയങ്ങള്‍ കൊണ്ടും ജന്മനാടിനെ ശക്തിപ്പെടുത്തുകയും നവീകരിക്കുകയും ചെയ്യണമെന്ന ഉദ്ദേശത്തോടെയാണ് കേരള സംസ്ഥാന സര്‍ക്കാര്‍ 2018 ആദ്യം ലോക കേരള സഭ ആരംഭിക്കുന്നത്.
രണ്ടാം ലോക കേരളസഭയുടെ സംഘാടക സമിതിയില്‍ രക്ഷാധികാരികളായി ബിനോയ് വിശ്വം എം.പി, പ്രവാസി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി.ടി. കുഞ്ഞിമുഹമ്മദ്, എന്നിവരേയും ചെയര്‍മാനായി സുനീര്‍ ഖാനേയും തിരഞ്ഞെടുത്തു. പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ കെ.സി.സജീവ് തൈക്കാട് ജനറല്‍ കണ്‍വീനറായി 31 പേരെ ഉള്‍പ്പെടുത്തി എക്‌സിക്യൂട്ടീവ് കമ്മറ്റിയും 101 പേരെ ഉള്‍പ്പെടുത്തി ജനറല്‍ കൗണ്‍സിലും രൂപീകരിച്ചട്ടുണ്ട്.