പൗരത്വ ഭേദഗതി ബില്‍ : ഡല്‍ഹി കത്തുന്നു ; മെട്രോ സ്റ്റേഷനുകള്‍ അടച്ചു
പൗരത്വ ഭേദഗതി ബില്ലിനെതിരെയുള്ള പ്രതിഷേധത്തെ തുടര്‍ന്ന് യുദ്ധക്കളമായി മാറി ഡല്‍ഹി. ജാമിയ നഗറിലും ഫ്രണ്ട്‌സ് കോളനിയിലും സംഘര്‍ഷം. മൂന്നു ബസുകള്‍ കത്തിച്ചു. അതേസമയം, അക്രമത്തില്‍ പങ്കില്ലെന്ന് ജാമിയയിലെ വിദ്യാര്‍ഥികള്‍ വ്യക്തമാക്കി. പുറത്തു നിന്നുള്ളവരാണ് അക്രമം നടത്തുന്നതെന്നും ജാമിയ മിലിയ വിദ്യാര്‍ഥികള്‍ പറഞ്ഞു. പ്രതിഷേധം സംഘര്‍ഷഭരിതമായതിനെ തുടര്‍ന്ന് ജാമിയ അടക്കമുള്ള അഞ്ച് മെട്രോ സ്റ്റേഷനുകള്‍ അടച്ചു. അതേസമയം, അക്രമസംഭവങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് പങ്കില്ലെന്ന് ഡല്‍ഹി പൊലീസ് പറഞ്ഞു.
ഇതിനിടെ, പൊലീസിനെതിരെ ജാമിയ മിലിയ സര്‍വ്വകലാശാല രംഗത്തെത്തി. അനുവാദമില്ലാതെയാണ് പൊലീസ് ക്യാംപസില്‍ കയറിയത്. വിദ്യാര്‍ഥികളെയും അധ്യാപകരടക്കം ഉള്ളവരെയും മര്‍ദ്ദിച്ചെന്ന് സര്‍വകലാശാല ചീഫ് പ്രൊക്ടര്‍ വസീം അഹമ്മദ് ഖാന്‍ പറഞ്ഞു. പൊലീസ് ക്യാംപസിനുള്ളില്‍ തുടരുന്നെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. ലൈബ്രറിയിലും റീഡിംഗ് റൂമിലും പൊലീസ് റെയ്ഡ് നടത്തുന്നെന്ന് വിദ്യാര്‍ഥികള്‍
പറഞ്ഞു.
വൈകുന്നേരം നാലു മണിയോടെ ജാമിയ മിലിയയിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും നാട്ടുകാരും ഗാന്ധി പീസ് മാര്‍ച്ച് എന്ന പേരില്‍ ഡല്‍ഹിയിലേക്ക് പ്രതിഷേധ മാര്‍ച്ച് ആരംഭിച്ചു. എന്നാല്‍, ഈ മാര്‍ച്ച് പൊലീസ് തടയുകയായിരുന്നു. മാര്‍ച്ച് പൊലീസ് തടഞ്ഞതോടെ സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. വിദ്യാര്‍ഥികള്‍ തങ്ങള്‍ക്ക് നേരെ കല്ലെറിയുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്.
അതേസമയം, പുതിയ പൗരത്വ നിയമം നടപ്പാക്കില്ലെന്ന കേരളം അടക്കമുള്ള ചില സംസ്ഥാനങ്ങളുടെ വാദം തള്ളി കേന്ദ്രം. പൗരത്വ നിയമം എല്ലാ സംസ്ഥാനങ്ങളും നടപ്പാക്കിയേ കഴിയൂ എന്ന് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു. പൗരത്വ നിയമ ഭേദഗതി ഒരു സംസ്ഥാനത്തിനും നടപ്പാക്കാതിരിക്കാന്‍ കഴിയില്ല. പൗരത്വ നിയമത്തിനെതിരെ കലാപം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത് കോണ്‍ഗ്രസ് ആണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ആക്രമണങ്ങള്‍ക്ക് പിന്നില്‍ പൊലീസ് ആണെന്ന് ആരോപിച്ച് ആം ആദ്മി പാര്‍ട്ടി നേതാവ് മനീഷ് സിസോദിയ രംഗത്തെത്തി. ഇത് തെളിയിക്കുന്ന ദൃശ്യങ്ങളും അദ്ദേഹം പുറത്തു വിട്ടു. ബസ് കത്തിക്കാന്‍ കൂട്ടു നിന്നത് പൊലീസെന്നത് ഉള്‍പ്പെടെ പൊലീസിനെതിരെ ഗുരുതര ആരോപണമാണ് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഉന്നയിച്ചിരിക്കുന്നത്.
പൊലീസിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന നിരവധി തെളിവുകളാണ് മനീഷ് സിസോദിയ പുറത്തു വിട്ടിരിക്കുന്നത്. പെട്രോള്‍ ക്യാനുമായി പൊലീസ് നില്‍ക്കുന്ന ചിത്രങ്ങളും വിദ്യാര്‍ഥിനികളെ പൊലീസ് മര്‍ദ്ദിക്കുന്ന ചിത്രങ്ങളും മനീഷ് സിസോദിയ പുറത്തുവിട്ടു. പ്രതിഷേധക്കാരോട് സംഘര്‍ഷം ഒഴിവാക്കാന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ ആഹ്വാനം ചെയ്തു.