ഇന്ത്യയില്‍ മതേതരത്വം കാണാന്‍ കഴിയുന്ന ഏക സംസ്ഥാനം കേരളമെന്നു സീതാറാം യെച്ചൂരി

മതേതരത്വം കാണാന്‍ കഴിയുന്ന രാജ്യത്തെ ഏക സംസ്ഥാനം കേരളമാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ജാതിയുടെയോ മതത്തിന്റെയോ പേരില്‍ ഇവിടെ ആരെയും മാറ്റി നിര്‍ത്തുന്നില്ലെന്നും യെച്ചൂരി പറഞ്ഞു. കേന്ദ്രത്തിന്റെ പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചത് ഇവിടുത്തെ മതേതരത്വ സ്വഭാവത്തിന് തെളിവാണ്. മറ്റു പല സംസ്ഥാനങ്ങളും ഇത് മാതൃകയാക്കി പൗരത്വ ഭേദഗതി നിയമത്തിനെതിരെ രംഗത്തുവന്നിട്ടുണ്ട്.

വിഖ്യാതമായ അറവുകാട് പ്രഖ്യാപനത്തിന്റെ 50-മത് വാര്‍ഷിക ചരിത്രസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു യെച്ചൂരി.അറവുകാട് സമര പ്രഖ്യാപനം പോലുള്ള ഐതിഹാസികമായ പ്രക്ഷോഭങ്ങളാണ് കേരളത്തെ ഈ നിലയിലേക്ക് ഉയര്‍ത്തിയതെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി.

അറവുകാട് പ്രഖ്യാപനത്തിന്റെ 50ാം വാര്‍ഷികത്തോടനുബന്ധിച്ച് സിപിഎം നേതൃത്വത്തില്‍ സംഘടിപ്പിച്ച ചരിത്രസംഗമത്തില്‍ മന്ത്രി ജി സുധാകരന്‍ അധ്യക്ഷത വഹിച്ചു. പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രപിള്ള, എംവി ഗോവിന്ദന്‍, ടിഎം തോമസ് ഐസക് തുടങ്ങിയ നിരവധി നേതാക്കള്‍ പങ്കെടുത്തു.

അതേസമയം അറവുകാട് പ്രഖ്യാപനത്തിന്റെ അന്‍പതാം വാര്‍ഷികത്തോടനുബന്ധിച്ച് ഒരു ലക്ഷം പേര്‍ പങ്കെടുക്കുന്ന റാലിയടക്കം തീരുമാനിച്ചിരുന്നു. എന്നാല്‍ പ്രതികൂലമായ കാലാവസ്ഥ തിരിച്ചടിയായി. കനത്തമഴയും കാറ്റും വീശിയടിച്ചതോടെ പ്രവര്‍ത്തകര്‍ പലരും ഉത്ഘാടനത്തിന് മുന്നേ മടങ്ങുകയും ചെയ്തു.