പൗരത്വ ബില്‍ സവര്‍ക്കരുടെ ആശയങ്ങളെ അപമാനിക്കുന്നത് എന്ന് ഉദ്ധവ് താക്കറെ

ബി ജെ പി സര്‍ക്കാര്‍ പാസാക്കിയ പൗരത്വ ബില്‍ സവര്‍ക്കറെ അപമാനിക്കുന്നതാണ് എന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. സിന്ധു നദീതടം മുതല്‍ കന്യാകുമാരി വരെയുള്ള ഭൂപ്രദേശത്തെ ഒറ്റരാജ്യക്കാന്‍ ശ്രമിച്ച സവര്‍ക്കറെ അപമാനിക്കുന്നതാണ് പൗരത്വ ബില്ലെന്നു താക്കറെ കുറ്റപ്പെടുത്തി.

സ്ത്രീസുരക്ഷയും തൊഴിലില്ലായ്മയും പോലെ രാജ്യം നേരിടുന്ന യാഥാര്‍ഥ പ്രശ്‌നങ്ങളില്‍ നിന്നും ശ്രദ്ധതിരിക്കാനാണ് പൗരത്വ ബില്‍ സംബന്ധിച്ച വിവാദത്തിലൂടെ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും താക്കറെ കുറ്റപ്പെടുത്തി. നിയമസഭാ സമ്മേളനത്തിനു മുന്നോടിയായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി പൗരത്വ ബില്ലിനെ വിമര്‍ശിച്ച് രംഗത്തെത്തിയത്.

സംഘപരിവാര്‍ സംഘടനകള്‍ ഏറെ ബഹുമാനിക്കുന്ന സവര്‍ക്കറുടെ ഹിന്ദുരാഷ്ട്ര വാദത്തിന് എതിരാണ് പൗരത്വ ബില്ലെന്നും താക്കറെ കുറ്റപ്പെടുത്തി. സിന്ധു നദി മുതല്‍ കന്യാകുമാരിവരെയുള്ള ഭൂമി ഒറ്റരാജ്യത്തിന് കീഴിലാക്കണമെന്ന ആവശ്യമാണ് സവര്‍ക്കര്‍ മുന്നോട്ടു വച്ചിരുന്നത്. ഇത് നടപ്പാക്കുന്നതിന് പകരം ബി.ജെ.പി സര്‍ക്കാര്‍ ന്യൂനപക്ഷങ്ങളെ ഇന്ത്യയിലേക്ക് സ്വീകരിക്കുകയാണ്. ഇത് സവര്‍ക്കറെ അപമാനിക്കുന്നതിന് തുല്യമാണ്.’ – സേനാ മേധാവി പറഞ്ഞു.

അതുപോലെ സുപ്രീം കോടതിയുടെ തീരുമാനത്തിന് അനുസൃതമായി മാത്രമെ മഹാരാഷ്ട്രയില്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കൂവെന്നും ഉദ്ധവ് വ്യക്തമാക്കി. നിയമം ഭരണഘടനയ്ക്ക് അനുസൃതമാണോയെന്‌സുപ്രീം കോടതി തീരുമാനിക്കട്ടെയെന്നും താക്കറെ പറഞ്ഞു.