ഉന്നാവോ ലൈംഗികാക്രമണം ; ബി.ജെ.പി നേതാവ് കുറ്റക്കാരനെന്ന് കോടതി
വിവാദമായ ഉന്നാവോ ലൈംഗികാതിക്രമകേസില്‍ മുഖ്യ പ്രതിയും മുന്‍ ബി.ജെ.പി എം.എല്‍.എയുമായ കുല്‍ദീപ് സെംഗാര്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ദല്‍ഹിയിലെ പ്രത്യേക കോടതി ജഡ്ജി ധര്‍മേന്ദ്ര കുമാറാണ് ഉന്നാവോ കേസിലെ വിധി പ്രസ്താവിച്ചത്. ഇയാള്‍ക്കുള്ള ശിക്ഷ വ്യാഴാഴ്ച്ച പ്രഖ്യാപിക്കും.
സെംഗാറിന്റെ ബന്ധുവും സഹപ്രതിയുമായ ശശി സിങ്ങിന് സംശയത്തിന്റെ ആനുകൂല്യം നല്‍കുന്നതായും ജഡ്ജി വ്യക്തമാക്കി. പോക്‌സോ കേസുകള്‍ അന്വേഷിക്കുന്നതിന് കാര്യപ്രാപ്തിയും വൈദഗ്ധ്യവുമുള്ളവര്‍ ഇന്ത്യയില്‍ കുറവാണ്. എന്നാല്‍ ഈ കേസില്‍ എന്തുകൊണ്ടാണ് പീഡനത്തിനിരയായ യുവതി പരാതി നല്‍കാന്‍ വൈകിയത് എന്ന കാര്യം വ്യക്തമല്ലെന്നും കോടതി പറഞ്ഞു.
2018 ഏപ്രിലില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഔദ്യോഗിക വസതിക്ക് മുന്നില്‍ ഉന്നാവ് പെണ്‍കുട്ടി പെട്രോളൊഴിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതോടെയാണ് കൂട്ടബലാല്‍സംഗ വാര്‍ത്ത രാജ്യമറിഞ്ഞത്.
ബി.ജെ.പി എം.എല്‍.എയായിരുന്ന കുല്‍ദീപ് സിങ് സെംഗറിനും കൂട്ടുപ്രതികള്‍ക്കുമെതിരെ 2017 ഓഗസ്റ്റില്‍ പരാതി നല്‍കിയെങ്കിലും പൊലീസ് കേസെടുക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു ആത്മഹത്യ ശ്രമം. ജോലി വാഗ്ദാനം ചെയ്ത് യുവതിയെ കുല്‍ദീപ് സെംഗാര്‍ വിളിച്ച് വരുത്തി ലൈംഗികമായി ആക്രമിച്ചുവെന്നായിരുന്നു കേസ്.
പരാതിക്ക് പിന്നാലെ പെണ്‍കുട്ടിയുടെ അച്ഛനെ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീട് പെണ്‍കുട്ടിയുടെ പിതാവ് പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടു. ഇതോടെ വന്‍ പ്രതിഷേധങ്ങളെ തുടര്‍ന്ന് കേസ് സി.ബി.ഐ ഏറ്റെടുത്തു. ബിജെപി എം.എല്‍.എയും കൂട്ടുപ്രതികളും അറസ്റ്റിലായി.
ഇതിനിടെ, പെണ്‍കുട്ടിയെ ട്രക്കിടിപ്പിച്ച് കൊല്ലാന്‍ ശ്രമം നടന്നു. മാസങ്ങള്‍ നീണ്ട വിദഗ്ധ ചികിത്സക്കൊടുവിലാണ് പെണ്‍കുട്ടി സാധാരണ നിലയിലേക്കെത്തിയത്. സുരക്ഷ വേണമെന്ന പെണ്‍കുട്ടിയുടെ കത്ത് കണക്കിലെടുത്ത സുപ്രീംകോടതി, വിചാരണ ഉത്തര്‍പ്രദേശില്‍ നിന്ന് ദല്‍ഹിയിലേക്ക് മാറ്റുകയായിരുന്നു. ഓഗസ്റ്റ് അഞ്ചിന് തുടങ്ങിയ വിചാരണ ഡിസംബര്‍ രണ്ടിന് അവസാനിച്ചു. ദല്‍ഹി എയിംസ് ആശുപത്രിയില്‍ ഒരുക്കിയ താല്‍ക്കാലിക കോടതിയിലാണ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയത്.