ജാമിയ മിലിയ ; രണ്ടുപേര്‍ക്ക് വെടിയേറ്റു എന്ന് വെളിപ്പെടുത്തി ആശുപത്രി അധികൃതര്‍

കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്ക് എതിരെ ഡല്‍ഹിയിലെ ജാമിയ മിലിയ സംഘര്‍ഷത്തിനിടെ വെടിവയ്പ്പുണ്ടായിട്ടില്ലെന്ന പൊലീസ് വാദത്തെ തള്ളി ആശുപത്രി അധികൃതര്‍. ഇന്നലെ ദില്ലിയില്‍ നടന്ന പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്ത രണ്ടുപേരെ വെടിയേറ്റ് സഫ്ദര്‍ജംഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് എന്‍.ഡി ടി.വിയോട് പറഞ്ഞു. എന്നാല്‍ ഇരുവരെയും ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.

പൊലീസ് വെടിവെപ്പില്‍ ആളുകള്‍ക്ക് പരിക്കേറ്റെന്ന വീഡിയോ ഇന്നലെ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ പൊലീസ് ഇത് നിഷേധിക്കുകയായിരുന്നു. ആശുപത്രി അധികൃതര്‍ കൂടി രംഗത്തെത്തിയതോടെ പൊലീസ് വാദം പൂര്‍ണ്ണമായും പൊളിഞ്ഞു.

ജാമിയ മിലിയ സംഘര്‍ഷത്തിനിടെ വെടിവയ്പ്പുണ്ടായിട്ടില്ലെന്നും ബസിന് പൊലീസ് തീയിട്ടുവെന്നത് വ്യാജപ്രചാരണമാണെന്നും ഡല്‍ഹി പൊലീസ് വക്താവ് എം.എസ് രണ്‍ധാവ പറഞ്ഞത് . വളരെ കുറവ് സേനാബലമാണ് പ്രയോഗിച്ചത്. സംഘര്‍ഷത്തില്‍ മുപ്പത് പൊലീസുകാര്‍ക്ക് പരുക്കേറ്റു. നാല് ബസുകളും രണ്ട് പൊലീസ് ബൈക്കുകളും സമരക്കാര്‍ തീയിട്ട് നശിപ്പിച്ചുവെന്നും ഡല്‍ഹി പൊലീസ് പറഞ്ഞു.

പൊതുമുതല്‍ നശിപ്പിച്ചതിനും കലാപമുണ്ടാക്കാന്‍ ശ്രമിച്ചതും രണ്ട് എഫ്െഎആര്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ക്രൈംബ്രാഞ്ച് ഇതേക്കുറിച്ച് അന്വേഷിക്കുമെന്നും കുറ്റക്കാരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഡല്‍ഹി പൊലീസ് പറഞ്ഞു.