സര്‍ക്കാരിന്റെ ക്ഷേമ പെന്‍ഷനില്‍നിന്ന് പുറത്തായത് നാലര ലക്ഷം അനര്‍ഹര്‍ ; ലാഭം 600 കോടിരൂപ
ക്ഷേമ-സാമൂഹ്യസുരക്ഷാ പെന്‍ഷന്‍കാരുടെ ബയോമെട്രിക് മസ്റ്ററിങ് ആദ്യ ഘട്ടം ഞായറാഴ്ച പൂര്‍ത്തിയായി. 90 ശതമാനം പേര് മസ്റ്ററിങ് പൂര്‍ത്തിയാക്കിയപ്പോള്‍ ആകെയുള്ള 47 ലക്ഷം പേരില്‍ നാലരലക്ഷം പേര് അനര്‍ഹമായി പെന്ഷന് വാങ്ങുന്നുണ്ടെന്നാണ് ധനവകുപ്പിന്റെ നിഗമനം. അനര്‍ഹരില്‍ പകുതിയും വിധവാപെന്ഷന് വാങ്ങുന്നവരാണ്. അതുപോലെ മരിച്ചവരുടെയും സ്ഥലത്തില്ലാത്തവരുടെയും പേരില്‍ പെന്ഷന് വാങ്ങുന്നവരുമുണ്ട്. ഇവരെ ഒഴിവാക്കുന്നതിലൂടെ സര്‍ക്കാരിന് പ്രതിവര്‍ഷം 600 കോടി രൂപ ലാഭിക്കാനാകുമെന്നാണ് വിലയിരുത്തല്‍.
ഇനി ഏഴ് ലക്ഷം പേര് കൂടി മസ്റ്ററിങ് നടത്താനുണ്ട്. ഇതില്‍ രണ്ടരലക്ഷം പേര് ക്രിസ്മസിന് ശേഷം മസ്റ്ററിങ് പൂര്‍ത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബാക്കിയുള്ള നാലരലക്ഷം പേര് അനര്ഹരായിരിക്കാമെന്നാണ് ധനവകുപ്പ് വിലയിരുത്തുന്നത്.
ക്രിസ്മസിന് മുമ്പ് മൂന്നുമാസത്തെ പെന്ഷന് കുടിശിക ഒന്നിച്ചുനല്കേണ്ടതാണെങ്കിലും സാമ്പത്തിക പ്രതിസന്ധി കാരണം രണ്ടുമാസത്തെ പെന്ഷന് മാത്രമായിരിക്കും നല്‍കുക. ഒരുമാസം 1200 രൂപയാണ് പെന്‍ഷനായി നല്‍കുന്നത്. കേന്ദ്രം പിടിച്ചുവെച്ച രണ്ടു ഗഡു ജിഎസ്ടി നഷ്ടപരിഹാരത്തുകയുടെ ഒരു ഗഡു ഈ ആഴ്ച നല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്. ഈ തുകകൊണ്ട് ക്ഷേമ പെന്ഷന് നല്‍കാമെന്ന കണക്കുകൂട്ടലിലാണ് സംസ്ഥാന ധനവകുപ്പ്.