മണിപ്പൂരില്‍ പോകാന്‍ ഐ.എല്‍.പി വിസ ; ആദ്യ വിസയെടുത്ത് ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി

ഒരൊറ്റ ഇന്ത്യ ഒരൊറ്റ നിയമം എന്ന ബി ജെ പി നാടകം എന്ത് മാത്രം പൊള്ളയാണ് എന്ന തരത്തില്‍ ആദ്യ തെളിവ് പുറത്ത്. കശ്മീരിന്റെ പ്രത്യേക അവകാശങ്ങള്‍ എടുത്തു കളഞ്ഞപ്പോള്‍ ബി ജെ പി മുഖ്യമായും പറഞ്ഞത് ഒരൊറ്റ ഇന്ത്യ ഒരൊറ്റ നിയമം എന്നാണ്. എന്നാല്‍ ഡിസംബര്‍ ഒമ്പതിനു മണിപ്പൂരിന് പ്രത്യേക അധികാരം നല്‍കിയുള്ള നിയമം ആഭ്യന്തര മന്ത്രി അമിത്ഷാ പാര്‍ലമെന്റില്‍ അവതരിപ്പിച്ചതോടെ ഇനി പുറത്തു നിന്നുള്ളവര്‍ക്ക് അവിടെക്ക് പ്രവേശിക്കണം എങ്കില്‍ ഐ.എല്‍.പി വിസ എടുത്താല്‍ മാത്രമേ കഴിയു.

മണിപ്പൂരിന് കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക അധികാരം നല്‍കിയതിന് പിന്നാലെ സംസ്ഥാനത്തേക്ക് പ്രവേശിക്കുന്നതിന് ഐ.എല്‍.പി അനുവദിച്ച ആദ്യ വ്യക്തിയായി ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവ്. ട്വിറ്ററിലൂടെ രാം മാധവ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. മണിപ്പൂരില്‍ പ്രവേശിക്കുന്നതിന് വേണ്ടി ഐ.എല്‍.പി എടുത്ത ആദ്യ വ്യക്തിയാണ് ഞാന്‍ എന്ന് തോന്നുന്നു എന്നാണ് രാം മാധവ് കുറിച്ചത്. ഏഴ് ദിവസത്തേക്കുള്ള ഐ.എല്‍.പി ആണ് രാം മാധവിന് അനുവദിച്ചിരിക്കുന്നത്.

മണിപ്പൂര്‍ ഗവണ്‍മെന്റിന്റെ ആഭ്യന്തര വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി ജോയല്‍ ജി ഹോകിപ്പ് ആണ് പെര്‍മിറ്റ് നല്‍കിയിരിക്കുന്നത്. രാം മാധവ് ഐ.എല്‍.പി എടുത്തത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകളുണ്ടാക്കി. കശ്മീരിന്റെ പ്രത്യേക അവകാശങ്ങള്‍ എടുത്തു കളഞ്ഞപ്പോള്‍ നിങ്ങള്‍ പറഞ്ഞിരുന്ന ഒരൊറ്റ ഇന്ത്യ ഒരൊറ്റ നിയമം എന്നതൊക്കെ ഇപ്പോള്‍ കൈവിട്ടോ എന്നാണ് രാം മാധവിനോടും ബി.ജെ.പിയോടും സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ചോദിക്കുന്നത്.