സംഘര്‍ഷ സാധ്യത; കര്‍ണാടകയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു
പൗരത്വഭേദഗതി നിയമത്തിനെതിരെ രാജ്യത്തുടനീളം പ്രതിഷേധങ്ങള്‍ തുടരവേ കര്‍ണാടകയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ശനിയാഴ്ച വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. കര്‍ണാടകയില്‍ സംഘര്‍ഷ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കി അതാണ് നിരോധനാജ്ഞ പ്രഖ്യാപിക്കാന്‍ കാരണം.
പൗരത്വഭേദഗതി നിയമത്തിനെതിരെ രാജ്യത്തുടനീളം വലിയ പ്രതിഷേധമാണ് നടന്നുകൊണ്ടിരിക്കുന്നത്. കേന്ദ്രസര്‍ക്കാരിനെതിരെ ജാതി മത വര്‍ഗ രാഷ്ട്രീയ ഭേദമന്യേ പ്രതിക്ഷേധം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. നേരത്തെ മദ്രാസ് സര്‍വകലാശാലയില്‍ നടക്കുന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് എത്തിയ നടന്‍ കമല്‍ഹാസനെ പൊലീസ് തടഞ്ഞിരുന്നു. ‘കുടിയേറ്റക്കാര്‍ അധികമായി, അതുകൊണ്ട് ഞങ്ങള്‍ പുതിയ നിയമം കൊണ്ടുവരുന്നു എന്ന് പറഞ്ഞ് ഇവിടുത്തെ മനുഷ്യനെ മുഴുവന്‍ കുടിയേറ്റക്കാരാക്കി പുറത്താക്കാന്‍ ശ്രമിക്കുകയാണവര്‍. അതാണിവിടെ നടന്നു കൊണ്ടിരിക്കുന്നത്’- കമല്‍ഹാസന്‍ വിദ്യാര്‍ത്ഥികളോട് പറഞ്ഞു.
കമല്‍ഹാസനെ ക്യാംപസിനകത്ത് കടത്തില്ലെന്ന് പൊലീസ് വ്യക്തമാക്കി. സുരക്ഷ മുന്‍നിര്‍ത്തിയാണ് നടപടിയെന്നാണ് പൊലീസിന്റെ വിശദീകരണം. പൗരത്വ ഭേദഗതി നിയമത്തിനെതിരായി ജാമിഅ മില്ലിയ-അലിഗഡ് തുടങ്ങിയ സര്‍വകലാശാലകളില്‍ നടക്കുന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചാണ് മദ്രാസ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കുന്നത്.അതുപോലെ തുടര്‍ച്ചയായ മൂന്നാം ദിവസവും ബംഗാളില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം നടന്നു.