നടിയെ ആക്രമിച്ച കേസ് : നടന്‍ ദിലീപ് കോടതിയില്‍ എത്തി
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദൃശ്യങ്ങളുടെ പരിശോധനയ്ക്ക് നടന്‍ ദിലീപ് കോടതിയില്‍ എത്തി. ഉച്ചയ്ക്ക് ശേഷമാണ് അഭിഭാഷകനും സാങ്കേതിക വിദഗ്ധനും ഒപ്പം ദിലീപ് കോടതിയില്‍ എത്തിയത്. ദൃശ്യങ്ങള്‍ മറ്റു പ്രതികള്‍ക്കൊപ്പമല്ലാതെ കാണണമെന്ന ദിലീപിന്റെ ആവശ്യം പ്രത്യക കോടതി അനുവദിക്കുകയായിരുന്നു. അടച്ചിട്ട കോടതി മുറിയില്‍ ഒരുക്കിയ ലാപ്‌ടോപ്പിലാണ് ദൃശ്യങ്ങള്‍ കാണിച്ചത്. കേസിലെ നിര്‍ണ്ണായക തെളിവാണ് ഈ ദൃശ്യങ്ങള്‍ .
നേരത്തെ കേസിലെ മറ്റു പ്രതികളും അഭിഭാഷകരും ദിലീപിന്റെ അഭിഭാഷകരും അന്വേഷണ ഉദ്യോഗസ്ഥനും ദൃശ്യങ്ങള്‍ കണ്ടിരുന്നു. കോടതി മുറിയും ദൃശ്യങ്ങള്‍ കാണുന്നവരെയും വിശദമായി പരിശോധിച്ചതിനുശേഷമാണ് ആളുകളെ കോടതി മുറിക്കുള്ളില്‍ പ്രവേശിപ്പിച്ചത്. ദൃശ്യങ്ങള്‍ പരിശോധിക്കണമെന്ന ദിലീപിന്റെ ഹര്‍ജിയില്‍ സുപ്രീംകോടതി അനുമതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ദൃശ്യങ്ങള്‍ കാണിക്കുന്നത്.
കോടതിയില്‍ സമര്‍പ്പിച്ച ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തതാണ് എന്നാണ് ദിലീപ് ഉന്നയിച്ച മുഖ്യ ചോദ്യം. ദൃശ്യങ്ങള്‍ തനിക്ക് കൈമാറണം എന്ന് ദിലീപ് ആവശ്യപ്പെട്ടിരുന്നത് കോടതി തള്ളിയിരുന്നു. എന്നാല്‍ കാണുവാന്‍ ഉള്ളഅനുവാദം കോടതി നല്‍കി.