താരമായി ഗാംഗുലിയുടെ മകള്‍ ; പ്രതികരണവുമായി സൗരവ്
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പരസ്യ പ്രതിഷേധവുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയുടെ മകള്‍. അവര്‍ നിങ്ങളേയും തേടിയെത്തും എന്ന് പറയുന്ന ഖുശ്വന്ത് സിങ്ങിന്റെ ദി എന്‍ഡ് ഓഫ് ഇന്ത്യ എന്ന പുസ്തകത്തിലെ വാക്കുകളാണ് സന ഗാംഗുലിതന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയാക്കിയത്.
മുസ്ലിമുകളും ക്രിസ്ത്യാനികളും അല്ലാത്തതിനാല്‍ സുരക്ഷിതരാണെന്ന് കരുതുന്നവര്‍ മൂഢസ്വര്‍ഗത്തിലാണ്. ഒന്നോ രണ്ടോ വിഭാഗങ്ങള്‍ക്കെതിരെയാണ് തുടങ്ങുക. പക്ഷേ അതിന് അവസാനമില്ല. വിദ്വേഷത്തിലൂന്നി നടപ്പിലാക്കുന്ന മുന്നേറ്റങ്ങള്‍ ഭയവും കലഹവും സൃഷ്ടിച്ചുകൊണ്ടിരിക്കും. ഇടത് ചരിത്രകാരന്‍മാരെയും സംഘ് ലക്ഷ്യം വയ്ക്കുന്നുണ്ട്. നാളെ ചെറിയ വസ്ത്രം ധരിക്കുന്ന സ്ത്രീകളെയും മദ്യവും മാംസവും കഴിക്കുന്നവരെയും സിനിമ കാണുന്നവരെയും സ്ഥിരമായി ക്ഷേത്രങ്ങളില്‍ പോകാത്തവരെയും പരസ്പരം ചുംബിക്കുന്നവരെയും ഹസ്തദാനം നല്‍കുന്നവരൈയും ജയ് ശ്രീ റാം മുഴക്കി അവര്‍ അക്രമിക്കും. ഇന്ത്യ മരിക്കാതിരിക്കണമെന്ന് ആഗ്രഹിച്ചാല്‍ മാത്രമേ നമുക്ക് ഇക്കാര്യങ്ങള്‍ മനസ്സിലാകൂ -ഇതായിരുന്നു സനയുടെ പോസ്റ്റ്.
എന്നാല്‍ പോസ്റ്റ് വൈറല്‍ ആയതിനു പിന്നാലെ മകളുടെ ഈ നിലപാടിനെ കുറിച്ച് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഗാംഗുലി. മകള്‍ക്ക് രാഷ്ട്രീയം മനസിലാക്കാനുള്ള പ്രായം ആയിട്ടില്ലെന്നും മകളെ വിവാദത്തില്‍ വലിച്ചിഴക്കരുതെന്നും ഗാംഗുലി പറയുന്നു. ഫാസിസിസ്‌റ് ഭരണത്തിനെതിരായ സനയുടെ പോസ്റ്റ് ചര്‍ച്ച ആയതിനു പിന്നാലെ ആണ് ഗാംഗുലിയുടെ പ്രതികരണം.രാജ്യമാകെ നിയമത്തിനെതിരെ സര്‍വകലാശാലകളില്‍ കടുത്ത പ്രതിഷേധ പരിപാടികള്‍ അരങ്ങേറിക്കൊണ്ടിരിക്കെയാണ് തന്റെ പ്രതികരണം സന വ്യക്തമാക്കിയത്.
ഇര്‍ഫാന്‍ പഠാനും സഞ്ജയ് മഞ്ജരേക്കറും മാത്രമാണ് ക്രിക്കറ്റ് ലോകത്ത് നിന്ന് ഇതുവരെ പൗരത്വ ബില്ലിനെതിരെ പരസ്യമായി പ്രതികരിച്ചിട്ടുള്ളത്. ഗാംഗുലി ഉള്‍പ്പെടെയുള്ള കായിക താരങ്ങള്‍ വിഷയത്തില്‍ മൗനം പാലിക്കുമ്പോള്‍ സന ശബ്ദമുയര്‍ത്തിയതിന് വലിയ പിന്തുണ ലഭിക്കുന്നതിനിടെയാണ് പുതിയ സംഭവവികാസം.