മംഗ്ളൂരുവില്‍ പൊലീസ് വെടിവെപ്പില്‍ രണ്ട് മരണം ; ലക്നൗവില്‍ ഒരാള്‍ മരിച്ചു

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവര്‍ക്ക് നേരെയുണ്ടായ പൊലീസ് വെടിവയ്പില്‍ പരുക്കേറ്റ മൂന്നു പേര്‍ മരിച്ചു. രണ്ടു പേര്‍ മംഗളൂരുവിലും ഒരാള്‍ ലക്‌നൗവിലുമാണ് മരിച്ചതെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. മംഗളൂരുവില്‍ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചേക്കുമെന്ന സൂചന കിട്ടിയതോടെയാണ് പൊലീസ് വെടിവയ്പു നടത്തിയത്. വെടിവെപ്പിലും ലാത്തിച്ചാര്‍ജിലും കൂടുതല്‍ പേര്‍ക്കു പരുക്കേറ്റു. മംഗ്ളൂരു പഴയ തുറമുഖം നിലകൊള്ളുന്ന ബന്തര്‍ മേഖലയിലാണ് വെടിവെപ്പുണ്ടായത്. വൈകീട്ട് നാലരയോടെയാണ് വെടിവെപ്പ് നടന്നത്.

എന്നാല്‍ മരണം പൊലീസ് ഔദ്യോഗികമായി ഇതു സ്ഥിരീകരിച്ചിട്ടില്ല. ഒട്ടേറെ പേര്‍ ഗുരുതര പരുക്കുകളോടെ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. ലക്നൗവിലെ ഹസ്രത്ഗഞ്ചില്‍ പ്രക്ഷോഭകര്‍ പൊലീസിനു നേരേ കല്ലെറിയുകയും 20ഓളം വാഹനങ്ങള്‍ കത്തിക്കുകയും ചെയ്തിരുന്നു. ഇതിനെത്തുടര്‍ന്നു പൊലീസ് കണ്ണീര്‍വാതകം പ്രയോഗിക്കുകയും ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്തു. വെടിവയ്പില്‍ പരുക്കേറ്റയാളാണ് മരിച്ചതെന്നാണ് സൂചന.

പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ശക്തമായതോടെ മംഗളൂരുവില്‍ രണ്ട് ദിവസത്തെ കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു. നേരത്തെ തന്നെ മംഗ്‌ളൂരുവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ നിരോധനാജ്ഞ ലംഘിച്ചുകൊണ്ട് ജനങ്ങള്‍ സംഘടിച്ചതോടെയാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചത്. മംഗ്‌ളൂരു പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നത്. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ലാത്തി വീശുകയും കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തിരുന്നു. മംഗ്‌ളൂരുവില്‍ വിദ്യാര്‍ത്ഥികളായിരുന്നു ആദ്യം പൗരത്വഭേദഗതി നിയമത്തിനെതിരെ തെരുവിലിറങ്ങിയത്.