യെച്ചൂരിയും രാജയും അറസ്റ്റില്‍ ; ഡല്‍ഹിയില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചു ; വിദേശികള്‍ തിരിച്ചു പോകുന്നു
പൗരത്വ നിയമ ഭേഗദതിക്കെതിരായ രാജ്യവ്യാപക പ്രതിഷേധത്തില്‍ സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയേയും അറസ്റ്റ് ചെയ്തു. വൃന്ദാ കാരാട്ടിനേയും ആനി രാജയേയും പൊലീസ് കസ്റ്റഡിയിലെടുത്തു. ചരിത്രകാരന്‍ ചാമചന്ദ്ര ഗുഹയെ ബംഗളൂരുവില്‍ പ്രതിഷേധത്തിനിടെ കസ്റ്റഡിയിലെടുത്തു. ഡല്‍ഹിയിലും തമിഴ്നാട്ടിലും ഹൈദരാബാദിലും വിദ്യാര്‍ത്ഥികളും കസ്റ്റഡിയിലാണ്.
ഉത്തര്‍പ്രദേശിലുള്‍പ്പെടെ പൊലീസ് നിരോധനാജ്ഞ പുറപ്പെടുവിച്ചു. ലക്നൗ ഉള്‍പ്പടെ അഞ്ച് ജില്ലകളില്‍ ഒട്ടേറെപ്പേരെ അറസ്റ്റു ചെയ്തു. ബിഹാറില്‍ ബന്ദ് സമാധാനപരമായിരുന്നു. അതേസമയം പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തില്‍ ഡല്‍ഹിയിലെ പലയിടങ്ങളിലും മൊബൈല്‍ ഇന്റര്‍നെറ്റ് സേവങ്ങള്‍ നിര്‍ത്തിവെച്ചു. ഡല്‍ഹിയില്‍ 14 മെട്രോ സ്റ്റേഷനുകള്‍ അടച്ചിട്ടു. ചെങ്കോട്ടയിലെ നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധ മാര്‍ച്ചിനെത്തിയ ജാമിയ മിലിയ വിദ്യാര്‍ഥികളെയും ഇടത് പ്രവര്‍ത്തകരെയും ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. ഇതുവരെ നൂറിലേറെ വിദ്യാര്‍ഥികളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
ചെങ്കോട്ടയില്‍ ജാമിഅ മില്ലിയ വിദ്യാര്‍ത്ഥികള്‍ പ്രഖ്യാപിച്ച മാര്‍ച്ച് നേരിടാനും പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇവിടെയെത്തിയ വിദ്യാര്‍ത്ഥികളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ചെങ്കോട്ട കാണാനെത്തിയവരേയും പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോര്‍ട്ടുണ്ട്.
വ്യാഴാഴ്ച രാവിലെ മുതല്‍ പ്രതിഷേധത്തിനായി മണ്ഡി ഹൗസിലേക്കെത്തുന്ന വിദ്യാര്‍ഥികളോട് പിരിഞ്ഞ് പോകണമെന്ന് പോലീസ് ആവശ്യപ്പെട്ടിരുന്നു. ഇതിന് തയ്യാറാകാത്ത പ്രതിഷേധക്കാരെയാണ് അറസ്റ്റ് ചെയ്ത് നീക്കുന്നത്.
അതേസമയം രാജ്യത്തെ സ്ഥിതിഗതികള്‍ വഷളായതിനെ തുടര്‍ന്ന് ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്കായി രാജ്യത്തെ പല ഇടങ്ങളിലും എത്തിയ വിദേശ വിനോദ സഞ്ചാരികള്‍ തിരികെ പോകുന്നു എന്നും ന്യൂസ് ഉണ്ട്. പല രാജ്യങ്ങളും ഇന്ത്യന്‍ യാത്ര ഒഴിവാക്കണം എന്ന് തങ്ങളുടെ പൗരന്മാരോട് പറഞ്ഞു കഴിഞ്ഞു.