പൗരത്വ ബില്‍ രാജ്യം കത്തുന്നു ; യു പിയില്‍ വെടിവെപ്പില്‍ ആറു മരണം
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉണ്ടായ പ്രതിഷേധങ്ങള്‍ രാജ്യ സമാധാനം തന്നെ തകര്‍ക്കുന്ന തരത്തില്‍ എത്തിക്കഴിഞ്ഞു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും കനത്ത പ്രതിഷേധമാണ് ഉണ്ടാകുന്നത്. പോലീസും പ്രതിഷേധക്കാരും തമ്മില്‍ തെരുവില്‍ ഏറ്റുമുട്ടുന്നത് പതിവായിക്കഴിഞ്ഞു. പോലീസ് വെടിവെപ്പില്‍ ധാരാളം പേര്‍ക്ക് പരിക്കേറ്റു കഴിഞ്ഞു. അവസാനമായി ഇന്ന് ഉത്തര്‍പ്രദേശില്‍ ഉണ്ടായ അക്രമത്തില്‍ ആറ് പ്രതിഷേധക്കാര്‍ കൊല്ലപ്പെട്ടുവെന്ന് സംസ്ഥാന പൊലീസ് സ്ഥിരീകരിച്ചതായി എന്‍.ഡി ടിവി റിപ്പോര്‍ട്ട്. എന്നാല്‍ പൊലീസ് വെടിവെയ്പ്പില്‍ മരണങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്ന് ഉത്തര്‍പ്രദേശ് ഡി.ജി.പി ഒ .പി സിംഗ് അവകാശപ്പെട്ടു. ‘ഞങ്ങള്‍ ഒരു വെടിയുണ്ട പോലും ഉതിര്‍ത്തിട്ടില്ല’ അദ്ദേഹം പറഞ്ഞു.
പൊലീസിന്റെ ഭാഗത്തു നിന്ന് ലഭിച്ച വിവരങ്ങളനുസരിച്ച് ബിജ്‌നോറില്‍ രണ്ട് പ്രതിഷേധക്കാരും സാംബാല്‍, ഫിറോസാബാദ്, മീററ്റ്, കാണ്‍പൂര്‍ എന്നിവിടങ്ങളില്‍ ഒരാള്‍ വീതവും മരണപ്പെട്ടു എന്നാണ് എന്‍.ഡി.ടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം തങ്ങള്‍ ആരെയും വെടിവച്ചിട്ടില്ലെന്നും എന്തെങ്കിലും വെടിവയ്പ്പ് നടന്നിട്ടുണ്ടെങ്കില്‍ അത് പ്രതിഷേധക്കാരുടെ ഭാഗത്തുനിന്നായിരുന്നു എന്നാണ് ഒരു ഉദ്യോഗസ്ഥന്‍ എന്‍.ഡി.ടിവിയോട് പറഞ്ഞത്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉത്തര്‍പ്രദേശിലെ 12 ജില്ലകളില്‍ പ്രതിഷേധം നടന്നിരുന്നു.
ഇന്ന് ഉച്ചകഴിഞ്ഞുള്ള വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്ക് ശേഷം ആയിരക്കണക്കിന് ആളുകളാണ് നിരോധനാജ്ഞ ലംഘിച്ച് പൗരത്വ ഭേദഗതി നിയമത്തിനെതിരെ തെരുവിലിറങ്ങിയത്. അതുപോലെ പൗരത്വഭേദഗതി നിയമത്തിനെതിരെ ദല്‍ഹി ഗേറ്റില്‍ വീണ്ടും പ്രതിഷേധം കനത്തു. ആസാദി മുഴക്കിയും എന്‍. ആര്‍.സി, സി.എ.എ ഉപേക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയും വിദ്യാര്‍ത്ഥികളും ജനങ്ങളും പ്രതിഷേധിക്കുകയാണ്. പ്രതിഷേധക്കാര്‍ തടിച്ചുകൂടിയതോടെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. ഡി.സി.പി ഓഫീസിന് മുന്നില്‍ നിര്‍ത്തിയിട്ട കാറും അഗ്‌നിക്കിരയാക്കി. ദല്‍ഹിയില്‍ രണ്ട് മെട്രോസ്റ്റേഷനുകള്‍ കൂടി അടച്ചിട്ടു. ഇതോടെ 17 മെട്രോസ്റ്റേഷനുകളാണ് ദല്‍ഹിയില്‍ അടഞ്ഞുകിടക്കുന്നത്.