വേഷം കൊണ്ട് തിരിച്ചറിയാമെന്ന് മോദി ; ബംഗാളില്‍ മുസ്ലീം വേഷം ധരിച്ച് ആക്രമണം നടത്തിയ ബിജെപി പ്രവര്‍ത്തകര്‍ പിടിയില്‍

ബംഗാളിലെ മുര്‍ഷിദാബാദിലാണ് മുസ്ലിം വേഷം ധരിച്ച് ട്രെയിന്‍ എഞ്ചിന് നേരെ കല്ലെറിഞ്ഞ ബിജെപി പ്രവര്‍ത്തകര്‍ പിടിയിലായത്. ലുങ്കിയും തൊപ്പിയും ധരിച്ച് ബംഗാളി മുസ്‌ളീങ്ങളുടെ രൂപത്തിലാണ് ഇവര്‍ ആക്രമണം നടത്തിയത്. സില്‍ദഹിനും-ലാല്‍ഗോലയ്ക്കും ഇടയില്‍ ഓടുന്ന ട്രെയിന്‍ എഞ്ചിന് നേര്‍ക്ക് സില്‍ദാഹില്‍ വച്ചാണ് അഭിഷേക് സര്‍ക്കാര്‍ എന്ന ബിജെപി പ്രവര്‍ത്തകനും അഞ്ച് കൂട്ടാളികളും കല്ലെറിഞ്ഞത്.

ബിജെപി പ്രവര്‍ത്തകര്‍ മുസ്ലിം വേഷം ധരിച്ച് ആക്രമണം നടത്തി അത് ഒരു സമുദായത്തിന്റെ മുകളില്‍ ചാര്‍ത്താന്‍ ശ്രമിക്കുന്നുവെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഈ സംഭവം നടന്നത്. അതുപോലെ കഴിഞ്ഞ ദിവസം ജാര്‍ഖണ്ഡിലെ തെരഞ്ഞെടുപ്പ് റാലിക്കിടെ പൗരത്വ ബില്ലിനെതിരെ പ്രതിഷേധിക്കുന്നവരെ വേഷം കൊണ്ട് തിരിച്ചറിയാമെന്ന് പ്രധാനമന്ത്രി പറഞ്ഞതിന് പിന്നാലെയാണ് ഈ സംഭവം നടന്നിരിക്കുന്നത്.

തങ്ങളുടെ യൂട്യൂബ് ചാനലിന് വേണ്ടി ട്രെയിനില്‍ കല്ലെറിയുന്ന രംഗം ചിത്രീകരിക്കുകയായിരുന്നുവെന്നാണ് അറസ്റ്റിലായവര്‍ പോലീസിന് നല്‍കിയ വിശദീകരണം. എന്നാല്‍ ഇത്തരത്തില്‍ ഒരു യൂട്യൂബ് ചാനല്‍ നിലവിലില്ല എന്നാണ് പോലീസ് പറയുന്നത്. ആക്രമണം നടത്തുന്നത് ചിത്രീകരിച്ചു ബി ജെ പി ഐ റ്റി സെല്‍ വഴി പ്രചരിപ്പിക്കുവാനായിരുന്നു ഇവരുടെ ശ്രമം.

മുര്‍ഷിദാബാദിലെ രാധാമധാബട്വ സ്വദേശിയായ അഭിഷേക് സര്‍ക്കാര്‍ പ്രാദേശിക ബിജെപി പ്രവര്‍ത്തകനാണെന്ന് നാട്ടുകര്‍ പറയുന്നത്. അഭിഷേകും മറ്റ് സംഘാഗങ്ങളും റെയില്‍വേ ലൈന് സമീപം മുസ്ലിം വേഷം ധരിച്ച് നില്‍ക്കുന്നത് കണ്ട നാട്ടുകാരാണ് ഇവരെ പോലീസില്‍ ഏല്‍പ്പിച്ചത്. സ്ഥലത്ത് നിന്നും ഏഴോളം ആളുകള്‍ ഓടി രക്ഷപെട്ടതായും അവര്‍ വ്യക്തമാക്കി. എന്നാല്‍ പിടിയിലായവര്‍ക്ക് ബിജെപിയുമായി ബന്ധമില്ലെന്ന് ബിജെപി ജില്ല പ്രസിഡന്റ് ഗൗരി സര്‍ക്കാര്‍ ഘോഷ് അറിയിച്ചു. ട്രെയിനിന് കല്ലെറിഞ്ഞ സംഭവവുമായി പാര്‍ട്ടിക്ക് ബന്ധമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.