കസ്റ്റഡിയിലെടുത്ത മാധ്യമ പ്രവര്‍ത്തകരെ വിട്ടയച്ചു

വ്യാജ ആരോപണങ്ങള്‍ നിരത്തി മംഗ്ളൂരുവില്‍ കസ്റ്റഡിയില്‍ എടുത്ത കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകരെ പൊലീസ് വിട്ടയച്ചു. ഏഴര മണിക്കൂറിന് ശേഷമാണ് ഇവരെ കസ്റ്റഡിയില്‍ നിന്നും വിടുന്നത്.
ഇന്ന് രാവിലെ 8:30തോടെയായിരുന്നു മാധ്യമപ്രവര്‍ത്തകരെ മംഗ്ളൂരു പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഏഷ്യാനെറ്റ്, 24 ന്യൂസ്, ന്യൂസ് 18, മീഡിയ വണ്‍ എന്നീ വാര്‍ത്താ ചാനലുകളുടെ മാധ്യമ സംഘത്തെയായിരുന്നു കസ്റ്റഡിയിലെടുത്തത്. യഥാര്‍ത്ഥ മാധ്യമപ്രവര്‍ത്തകരാണോ എന്ന് സംശയമുണ്ടെന്ന വാദമുന്നയിച്ചാണ് പൊലീസ് മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തത്.

പ്രക്ഷോഭങ്ങളില്‍ കൊല്ലപ്പെട്ടവരുടെ പോസ്റ്റ്മോര്‍ട്ടം നടക്കുന്ന വെന്‍ലോക്ക് ആശുപത്രിക്ക് മുമ്പിലാണ് പത്രപ്രവര്‍ത്തകര്‍ നിലയുറപ്പിച്ചിരുന്നത്. ഇവിടെ നിന്നാണ് പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്.
കര്‍ണാടക മാധ്യമങ്ങള്‍ സ്ഥലത്തില്ലായിരുന്നു. പൊലീസ് നീക്കം ഇവരറിഞ്ഞിരിക്കാനാണ് സാധ്യത. ശക്തമായ പ്രതിഷേധമായിരുന്നു ഇന്നലെ മംഗളൂരുവിലുണ്ടായത്. ഇതിനെ തുടര്‍ന്നാണ് റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമപ്രവര്‍ത്തകര്‍ മംഗളൂരുവിലെത്തിയത്.

കസ്റ്റഡിയില്‍ എടുത്ത മാധ്യമപ്രവര്‍ത്തകരെ മണിക്കൂറുകളോളം പൊലീസ് മാനസികമായി പീഡിപ്പിച്ചെന്ന് മാധ്യമപ്രവര്‍ത്തകനായ ഷബീര്‍ ഒമര്‍ പറഞ്ഞു. പൊലീസ് കുറ്റവാളികളെ പോലെയാണ് പെരുമാറിയതെന്നും ബസില്‍ നിലത്തിരുത്തിയാണ് കൊണ്ട് പോയതെന്നും ബന്ധുക്കളുടെ പ്രതികരണം എടുത്തതോടെയാണ് കസ്റ്റഡിയിലെടുത്തതെന്നും ഷബീര്‍ ഒമര്‍ പറയുന്നു. ക്യാമറക്കും മൈക്കിനും കേട്പാടുണ്ടായെന്നും ഭക്ഷണവും വെള്ളവും നല്‍കിയില്ലെന്നും ഷബീര്‍ ഒമര്‍ പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തിനെതിരായി വന്‍പ്രതിഷേധമുണ്ടാകുന്ന സാഹചര്യത്തില്‍ മംഗളൂരു കമ്മീഷണറേറ്റ് പരിധിയില്‍ പൂര്‍ണ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. മുമ്പ് അഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മാത്രമാണ് കര്‍ഫ്യൂ ഉണ്ടായിരുന്നത്. കര്‍ണാടകയിലെ എല്ലാ ജില്ലകളിലും ജാഗ്രതാ നിര്‍ദേശം നല്‍കി. സമാധാനം പാലിക്കണമെന്ന് മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

അതേസമയം ബി ജെ പി അനുകൂല മാധ്യമങ്ങള്‍ പിടിയിലായത് കേരളത്തില്‍ നിന്നുള്ള അക്രമികള്‍ ആണെന്ന് വാര്‍ത്ത നല്‍കിയത് പരക്കെ എതിര്‍പ്പിന് കാരണമായി. അതുപോലെ പല പ്രമുഖ ബി ജെ പി നേതാക്കളും ആയുധങ്ങളുമായി കേരളത്തില്‍നിന്നെത്തിയ മാധ്യമപ്രവര്‍ത്തകരുടെ വേഷമണിഞ്ഞ അന്‍പതോളം അക്രമികളെയാണ് മംഗളുരു പൊലീസ് അറസ്റ്റു ചെയ്തത് എന്നും വെളിപ്പെടുത്തിയിരുന്നു.