സംഘര്‍ഷം തുടരുന്നു ; ഉത്തര്‍പ്രദേശില്‍ മരണം പതിനാലായി

പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന പ്രതിഷേധത്തില്‍ ഉത്തര്‍പ്രദേശില്‍ മരിച്ചവരുടെ എണ്ണം പതിനാലായി. മരിച്ചവരില്‍ ഒരു എട്ട് വയസുകാരനും ഉള്‍പ്പെടുന്നു. പൊലീസ് നടപടിയിലുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് വാരാണസിയില്‍ കുട്ടി മരിച്ചത്. മീററ്റില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. ആറ് പൊലീസുകാര്‍ക്കും പരുക്കേറ്റിട്ടുണ്ട്. ഗൊരഖ്പൂരില്‍ സമ്പൂര്‍ണ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

രാംപുരില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. മൊറാദാബാദില്‍ പ്രതിഷേധക്കാരും പൊലീസും ഏറ്റുമുട്ടി. ലാത്തിച്ചാര്‍ജില്‍ ഒട്ടേറെ പേര്‍ക്ക് പരുക്കേറ്റു. മേഖലയില്‍ കര്‍ഫ്യു പ്രഖ്യാപിച്ചു. പ്രയാഗ്രാജിലും പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ലാത്തിവീശി. നൂറ് പേര്‍ക്കെതിരെയാണ് കേസെടുത്തത്. 144 ലംഘിച്ചതിന് പതിനായിരം പേര്‍ക്കെതിരെ പ്രത്യേക എഫ്ഐആറും രജിസ്റ്റര്‍ ചെയ്തു. മീററ്റിലാണ് മരണങ്ങള്‍ ഏറെയും.

ഫിറോസാബാദ്, കാണ്‍പൂര്‍, ബിജ്‌നോര്‍, സംഭാല്‍, ബുലന്ദ്ഷഹര്‍ തുടങ്ങിയ മേഖലകളില്‍ പ്രതിഷേധങ്ങള്‍ തുടരുകയാണ്. സ്ഥിതി വിലയിരുത്തി ആവശ്യമെങ്കില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കാന്‍ അതത് സ്ഥലത്തെ പൊലീസ് ഉന്നതര്‍ക്ക് നിര്‍ദേശം നല്‍കിയതായി ഉത്തര്‍പ്രദേശ് ഡിജിപി ഒപി സിംഗ് പറഞ്ഞു.