മംഗളൂരുവില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ത്ഥികളെ കെ എസ് ആര്‍ ടി സി ബസ്സില്‍ നാട്ടിലെത്തിച്ചു
പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭം തുടരുന്ന മംഗളൂരുവില്‍ കുടുങ്ങിപ്പോയ മലയാളി വിദ്യാര്‍ത്ഥികളെ കെഎസ്ആര്‍ടിസി ബസ്സില്‍ നാട്ടിലെത്തിച്ചു. പ്രത്യേകം സര്‍വീസ് നടത്തിയ അഞ്ച് കെഎസ്ആര്‍ടിസി ബസുകളിലാണ് വിദ്യാര്‍ത്ഥികളെ രക്ഷപ്പെടുത്തി നാട്ടിലെത്തിച്ചത്. കാസര്‍ഗോഡ് എത്തിച്ച വിദ്യാര്‍ത്ഥികളെ സ്വീകരിക്കാന്‍ റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ എത്തിയിരുന്നു. മധുരം നല്‍കിയാണ് അദ്ദേഹം വിദ്യാര്‍ത്ഥികളെ സ്വീകരിച്ചത്.
പ്രതിഷേധം ശക്തമായ മംഗളൂരുവില്‍ പ്രഖ്യാപിച്ച കര്‍ഫ്യൂവിനെത്തുടര്‍ന്നാണ് വിദ്യാര്‍ത്ഥികള്‍ കുടുങ്ങിയത്. ഇവരെ നാട്ടിലെത്തിക്കാന്‍ വൈകുന്നേരം മൂന്നു മണിയോടെ സര്‍ക്കാര്‍ കെഎസ്ആര്‍ടിസി ബസുകള്‍ അയച്ചു. പൊലീസ് സുരക്ഷയോടെയാണ് ബസുകള്‍ മംഗളൂരുവിലേക്ക് പോയത്. സുരക്ഷ ഉറപ്പാക്കാനായി കാസര്‍കോഡ് ജില്ലാ കളക്ടര്‍ മംഗളൂരു ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ടിരുന്നു.