അഭ്യൂഹങ്ങള്‍ക്ക് വിരാമം ; രാഹുല്‍ നാളെ മുതല്‍ സമരമുഖത്തേയ്ക്ക്

രാജ്യത്ത് ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭം ഉയരുമ്പോള്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ഒരിടത്തും കാണാത്തത് ഏറെ ചര്‍ച്ചകള്‍ക്ക് കാരണമായിരുന്നു. അതുപോലെ വിഷയത്തില്‍ വലിയ വിമര്‍ശനമാണ് പരക്കെ ഉയര്‍ന്നതും. രാജ്യം തെരുവില്‍ പ്രതിഷേധിക്കുന്ന സമയം ദക്ഷിണ കൊറിയയില്‍ സന്ദര്‍ശനത്തിലായിരുന്നു രാഹുല്‍ ഗാന്ധി.

വിമര്‍ശനം ഉയരവേ രാജ്യത്ത് മടങ്ങിയെത്തിയ ഡിസംബര്‍ 22ന് പൗരത്വ നിയമത്തിനെതിരായ കോണ്‍ഗ്രസ് പ്രതിഷേധത്തിന് നേതൃത്വം നല്‍കുമെന്നു കോണ്‍ഗ്രസ്സ് നേതൃത്വം അറിയിച്ചു. കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയും പ്രതിഷേധത്തിനുണ്ടാവും. രാജ്ഘട്ടില്‍ ഞായറാഴ്ച ഉച്ചക്ക് 2 മണിമുതല്‍ 8 മണി വരെ ധര്‍ണ്ണയാണ് സംഘടിപ്പിച്ചിരിക്കുന്നത്.

രാഹുല്‍ ഗാന്ധി സ്ഥലത്തില്ലാതിരുന്നതിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ കോണ്‍ഗ്രസ് വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. മാസങ്ങള്‍ക്ക് മുമ്പേ തീരുമാനിക്കപ്പെട്ടതായിരുന്നു രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനമെന്നാണ് കോണ്‍ഗ്രസ് വിശദീകരണം. കൊറിയന്‍ എന്‍.ജി.ഓ കൊറിയന്‍ ഫൗണ്ടേഷന്റെ ക്ഷണപ്രകാരമാണ് രാഹുല്‍ ഗാന്ധിയും സംഘവും ദക്ഷിണ കൊറിയയില്‍ എത്തിയതെന്നും കോണ്‍ഗ്രസ് വിശദമാക്കിയിരുന്നു. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ദക്ഷിണ കൊറിയയുടെ സഹായത്തോടെ ഐ.ടി പ്രൊജക്ടുകള്‍ നടത്തുന്നതിനെ കുറിച്ച് പഠിക്കുകയും സംഘത്തിന്റെ സന്ദര്‍ശന ലക്ഷ്യങ്ങളിലൊന്നായിരുന്നുവെന്നും കോണ്‍ഗ്രസ് പറയുന്നു.