ഇന്ത്യയില്‍ തടവറകള്‍ ഇല്ല എന്ന കള്ളവുമായി മോദി ; പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ
ഇന്ത്യയില്‍ ഒരു കരുതല്‍ തടവറപോലും ഇല്ലെന്നും ഒരു മുസ്ലീം പോലും തടവിലാക്കപ്പെട്ടില്ലെന്നുമുള്ള പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ കള്ളം പൊളിച്ചു സോഷ്യല്‍ മീഡിയ. ഈ രാജ്യത്തിന്റെ മണ്ണില്‍ ജനിച്ച മുസ്ലീങ്ങള്‍ക്ക് എന്‍.ആര്‍.സിയുമായി ഒരു ബന്ധവുമില്ല. ഇന്ത്യയില്‍ ഒരു കരുതല്‍ തടവറകളും ഇല്ലതാനും,ഒരു മുസ്ലീമിനെയും തടവറകളിലാക്കാന്‍ പോവുന്നുമില്ലെന്നുമാണ് മോദി പറഞ്ഞത്.
എന്നാല്‍ രാജ്യത്ത് തടവറകള്‍ നിര്‍മിക്കുന്നുവെന്ന വാര്‍ത്ത ദേശീയ പൗരത്വ രജിസ്റ്റര്‍ അസമില്‍ നടപ്പാക്കുന്നതു മുതല്‍ ദേശീയ മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയിരുന്നു. അസമിലെ തടവറളില്‍ 28ഓളം പേര്‍ മരിച്ചതായി നവംബറില്‍ കേന്ദ്ര സര്‍ക്കാര്‍ രാജ്യസഭയില്‍ വ്യക്തമാക്കിയിരുന്നു. അസമിലെ ആറു തടവറകളിലായി 988 ‘വിദേശികള്‍’ പാര്‍ക്കുന്നുണ്ടെന്നാണ് സര്‍ക്കാര്‍ നല്‍ കിയ കണക്കില്‍ വ്യക്തമാക്കുന്നതെന്ന് ടെലഗ്രാഫ് പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അസമിലെ ഗോപാല്‍ പരയില്‍ 46 കോടി ചെലവാക്കിയാണ് 300 തടവുകാരെ പാര്‍പ്പിക്കാന്‍ കഴിയുന്ന ജയിലറകള്‍ നിര്‍മിച്ചു കൊണ്ടിരിക്കുന്നത്. അസമില്‍ മാത്രം ഇനിയും ഇനിയും പത്ത് തടവറകള്‍ നിര്‍മിക്കാനൊരുങ്ങുന്നുണ്ട്. അസാമില്‍ മാത്രമല്ല കര്‍ണാടകയിലടക്കം കരുതല്‍ തടവറകള്‍ നിര്‍മിക്കുന്നുവെന്ന വാര്‍ത്തകളും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
എന്നാല്‍ രാജ്യത്ത് അഭയാര്‍ത്ഥികള്‍ക്കായുള്ള കരുതല്‍ തടങ്കലുകള്‍ ഇല്ലെന്ന മോദിയുടെ വാദത്തിന് പിന്നാലെ മോദിയെ അര്‍ബന്‍ നാസിയെന്ന് വിളിച്ച് രംഗത് വന്നിരിക്കുകയാണ് ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ്. രാജ്യത്ത് തടവറകള്‍ ഇല്ലെന്നും ഒരു മുസ്ലീമിനെ പോലും തടവില്‍ പാര്‍പ്പിച്ചിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മോദി പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് മോദിയെ അര്‍ബന്‍ നാസിയെന്ന് വിളിച്ച് അനുരാഗ് കശ്യപ് രംഗത്തെത്തിയത്.
കൂടാതെ ഗൂഗിളില്‍ തിരഞ്ഞാല്‍ ലഭിക്കാത്തതാണ് മോദിയുടെ കള്ളങ്ങള്‍ എന്ന ധാരണയുണ്ടോ പ്രധാനമന്ത്രിയ്ക്ക് എന്നായിരുന്നു കോണ്‍ഗ്രസിന്റെ ട്വീറ്റ്. തടവറകള്‍ സത്യമാണ്. ഈ സര്‍ക്കാര്‍ അധികാരത്തിലുള്ളിടത്തോളം കാലം അത് വളര്‍ന്നു കൊണ്ടെയിരിക്കും’എന്നാണ് കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തത്.