എന്‍ആര്‍സി സംബന്ധിയായ ചര്‍ച്ചകള്‍ നടന്നിട്ടില്ല ‘; പ്രധാനമന്ത്രി പറഞ്ഞത് ശരി ; അമിത് ഷാ
ദേശീയ പൗരത്വ രജിസ്റ്ററിനെതിരെയും പൗരത്വ നിയമഭേദഗതിക്കെതിരെയും രാജ്യവ്യാപകമായ പ്രതിഷേധങ്ങള്‍ അരങ്ങേറുന്ന വേളയില്‍ തന്റെ മുന്‍ നിലപാട് മാറ്റി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ദേശീയ പൗരത്വ രജിസ്റ്ററിനെപ്പറ്റി (എന്‍ആര്‍സി) യുള്ള ചര്‍ച്ചകള്‍ നടക്കുന്നില്ലെന്നും ദേശീയ പൗരത്വ രജിസ്റ്റര്‍ ദേശവ്യാപകമല്ലെന്നും അമിത് ഷാ പറഞ്ഞു. ന്യൂസ് ഏജന്‍സിയായ എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് അമിത് ഷാ ഇപ്രകാരം വിശദീകരിച്ചത്.
”രാജ്യവ്യാപകമായി എന്‍ആര്‍സി നടപ്പാക്കുന്നതിനെപ്പറ്റി ഇപ്പോള്‍ ചര്‍ച്ചകള്‍ നടത്തേണ്ടതില്ല. കാരണം അത്തരത്തിലൊരു തീരുമാനമില്ല. ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യവ്യാപകമല്ല. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി പറഞ്ഞതാണ് ശരി. കാബിനറ്റിലോ പാര്‍ലമെന്റിലോ വിഷയസംബന്ധിയായി യാതൊരു ചര്‍ച്ചയും നടത്തിയിട്ടില്ല”- ഷാ പറഞ്ഞു. ജനസംഖ്യാ പട്ടികയെ കുറിച്ച് പ്രതിപക്ഷം ആശങ്ക പരത്തുകയാണെന്നും അമിത് ഷാ ആരോപിച്ചു.
പൗരത്വ രജിസ്റ്ററും ജനസംഖ്യാ രജിസ്റ്ററും തമ്മില്‍ ബന്ധമില്ല.എന്‍ആര്‍സിയില്‍ പൗരത്വം തെളിയിക്കാനുള്ള രേഖകള്‍ ആവശ്യപെടും.ജനസംഖ്യാ രജിസ്റ്ററില്‍ പൗരത്വം തെളിയിക്കാനുള്ള രേഖകള്‍ ആവശ്യമില്ല.എന്‍പിആറിലെ വിവരങ്ങള്‍ എന്‍ആര്‍സി യില്‍ ഉപയോഗിക്കില്ല. കഴിഞ്ഞ ദിവസം ഡല്‍ഹി രാംലീല മൈതാനത്തില്‍ വെച്ച് നടത്തിയ പ്രഭാഷണത്തിനിടെയാണ് ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍ആര്‍സി) ഇന്ത്യ മുഴുവന്‍ നടപ്പാക്കുമെന്ന് തങ്ങള്‍ എവിടെയും പറഞ്ഞിട്ടില്ലെന്നാണ് മോദി അവകാശപ്പെട്ടത്. ദേശീയ പൗരത്വ രജിസ്റ്റര്‍ അസമിലേക്ക് വേണ്ടി മാത്രമുള്ളതാണെന്നും മോദി പറഞ്ഞിരുന്നു. ഈ പ്രസ്താവനയെ പിന്തുണച്ചു കൊണ്ടാണ് അമിത് ഷാ നിലപാട് മാറ്റിയത്.
നവംബര്‍ 20ന്, ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യവ്യാപകമായി നടപ്പിലാക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു. അസമില്‍ സുപ്രിം കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഇത് നടക്കുന്നതെന്നും ഇത് രാജ്യവ്യാപകമായി നടപ്പിലാക്കുമെന്നും ഷാ പറഞ്ഞിരുന്നു. ഒപ്പം ജാര്‍ഖണ്ഡ് തെരഞ്ഞെടുപ്പ് പ്രചാരണത്തിലും ഷാ ഇത് ആവര്‍ത്തിച്ചു. ഇത് മറച്ചു വെക്കുന്നതാണ് ഇരുവരുടെയും പ്രസ്താവന.