മംഗളൂരുവില്‍ പഠിക്കുന്ന മലയാളി വിദ്യാര്‍ത്ഥികളെ നിരീക്ഷിക്കാന്‍ കര്‍ണ്ണാടക സര്‍ക്കാരിന്റെ നിര്‍ദേശം

മംഗളൂരുവില്‍ പഠിക്കുന്ന മലയാളി വിദ്യാര്‍ത്ഥികളെ നിരീക്ഷിക്കാന്‍ കര്‍ണ്ണാടക സര്‍ക്കാര്‍ നിര്‍ദേശം. ഇത് സംബന്ധിച്ച് വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. വിദ്യാഭ്യാസ വകുപ്പാണ് ഉത്തരവ് ഇറക്കിയത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരായി രാജ്യമെമ്പാടും പ്രതിഷേധങ്ങള്‍ക്ക് മുന്‍പില്‍ നിന്നത് വിദ്യാര്‍ത്ഥികളായിരുന്നു. ഡല്‍ഹിയിലടക്കം വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ വലിയ പ്രതിഷേധങ്ങള്‍ നടന്നു. ഇതിന്റെ ബാക്കി പത്രമെന്നോണം കര്‍ണാടകയിലും മംഗളൂരുവിലും പ്രതിഷേധങ്ങള്‍ നടന്നിരുന്നു.

മലയാളികള്‍ അടക്കം നിരവധി വിദ്യാര്‍ത്ഥികള്‍ പ്രതിഷേധത്തില്‍ പങ്കെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കര്‍ണാടക വിദ്യാഭ്യാസ വകുപ്പ് ഇത്തരത്തിലൊരു ഉത്തരവ് ഇറക്കിയിരിക്കുന്നത്.

മംഗളൂരുവില്‍ നടക്കുന്ന പ്രതിഷേധങ്ങളില്‍ മലയാളി വിദ്യാര്‍ത്ഥികളുടെ പങ്കുണ്ടെന്ന് കര്‍ണാടക സര്‍ക്കാരും പൊലീസും നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ അത്തരം വാദങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന് കേരളത്തിലെ നേതാക്കള്‍ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് മലയാളി വിദ്യാര്‍ത്ഥികളെ പ്രത്യേകം നിരീക്ഷിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിറക്കിയത്.