ജാര്‍ഖണ്ഡിനു പിന്നാലെ ഛത്തീസ്ഗഢിലും അടിതെറ്റി ബി.ജെ.പി
ജാര്‍ഖണ്ഡ് ഫലം വന്നതിനു പിന്നാലെ ഛത്തീസ്ഗഢ് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും ബി.ജെ.പിക്കു കനത്ത തിരിച്ചടി. 151 തദ്ദേശ സ്ഥാപനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ ഫലം അറിഞ്ഞ 2032 വാര്‍ഡുകളില്‍ 923 വാര്‍ഡുകളില്‍ കോണ്‍ഗ്രസ് വിജയിച്ചു. അതേസമയം ബി.ജെ.പിക്ക് 814 വാര്‍ഡുകളാണു ലഭിച്ചത്. മുന്‍ മുഖ്യമന്ത്രി അജിത് ജോഗിയുടെ ജനതാ കോണ്‍ഗ്രസിന് 17 എണ്ണം മാത്രമാണു ലഭിച്ചത്. സ്വതന്ത്രര്‍ 278 വാര്‍ഡുകളിലാണു ജയം കണ്ടത്.
10 മുനിസിപ്പല്‍ കോര്‍പറേഷനുകള്‍, 38 മുനിസിപ്പല്‍ കൗണ്‍സിലുകള്‍, 103 നഗര പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലേക്കാണു തെരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ ആകെ 2831 വാര്‍ഡുകളാണുള്ളത്. ഇന്നലെയാണ് വോട്ടെണ്ണല്‍ തുടങ്ങിയതെങ്കിലും ഇതുവരെ പൂര്‍ത്തിയായിട്ടില്ലെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു. 38 മുനിസിപ്പല്‍ കൗണ്‍സിലുകളില്‍ കോണ്‍ഗ്രസ് നേടിയത് 18 സീറ്റാണ്. ബി.ജെ.പി ഒരു സീറ്റ് പിന്നിലാണ്. നഗര്‍ പഞ്ചായത്തുകളില്‍ ബി.ജെ.പി 40 എണ്ണം നേടിയപ്പോള്‍, കോണ്‍ഗ്രസ് 48 ആക്കി. തെരഞ്ഞെടുപ്പ് നടന്ന 10 മുനിസിപ്പല്‍ കോര്‍പറേഷനുകളും കോണ്‍ഗ്രസ് നേടിയെന്നതാണു ശ്രദ്ധേയം.
എട്ട് വാര്‍ഡുകളില്‍ കോര്‍പറേറ്റര്‍മാര്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. മൂന്ന് വാര്‍ഡുകളില്‍ നാമനിര്‍ദ്ദേശ പത്രിക പോലും ലഭിച്ചിട്ടില്ല. രണ്ട് വാര്‍ഡുകളില്‍ നാമനിര്‍ദ്ദേശ പത്രികകള്‍ പിന്‍വലിക്കപ്പെട്ടപ്പോള്‍ ഒരു വാര്‍ഡില്‍ സ്ഥാനാര്‍ഥിയുടെ മരണത്തെത്തുടര്‍ന്ന് തെരഞ്ഞെടുപ്പ് മാറ്റിവെച്ചു.
കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുതിയ നിയമപ്രകാരം മേയര്‍മാരെയും ചെയര്‍പേഴ്സണ്‍മാരെയും തെരഞ്ഞെടുക്കപ്പെട്ട കോര്‍പറേറ്റര്‍മാരാണു തീരുമാനിക്കുക. നേരത്തേ ഇത് ജനങ്ങളായിരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ കോണ്‍ഗ്രസിനാവും കൂടുതല്‍ മേയര്‍മാരും ചെയര്‍പേഴ്സണ്‍മാരും ഉണ്ടാവുകയെന്ന് പാര്‍ട്ടി വക്താവ് ശൈലേഷ് നിതിന്‍ ത്രിവേദി പ്രതികരിച്ചു.