ഐഎസ്ആര്‍ഒ ; ചെയര്‍മാന്‍ സ്ഥാനത്തേക്ക് വീണ്ടും മലയാളി സാന്നിധ്യം

ഐഎസ്ആര്‍ഒയുടെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് വീണ്ടും ഒരു മലയാളി സാന്നിധ്യം . വിക്രം സാരാഭായ് സ്പേസ് സെന്റര്‍ മേധാവിയായ ഡോ. എസ് സോമനാഥിനെ പരിഗണിക്കുന്നുവെന്നാണ് വിവരം. എയ്‌റോസ്‌പേസ് എഞ്ചിനീയറും റോക്കറ്റ് ടെക്‌നോളജിസ്റ്റുമാണ് സോമനാഥ്. നിലവില്‍ കെ ശിവന്‍ വിരമിക്കുന്ന സാഹചര്യത്തില്‍ ഇദ്ദേഹത്തിന് സ്ഥാനക്കയറ്റം ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. എംജികെ മേനോന്‍, കെ കസ്തൂരിരംഗന്‍, ജി മാധവന്‍ നായര്‍, കെ രാധാകൃഷ്ണന്‍ തുടങ്ങിയവരാണ് മുമ്പ് ചെയര്‍മാന്‍ സ്ഥാനത്തെത്തിയ മലയാളികള്‍.

ചന്ദ്രയാന്‍-2 ദൗത്യത്തിന്റെ ആദ്യ വിക്ഷേപണത്തിന് തടസമായ ക്രയോജനിക് എന്‍ജിനിലെ തകരാര്‍ പരിഹരിച്ചത് മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് വിദഗ്ധനായ സോമനാഥാണ്. ഐഎസ്ആര്‍ഒയുടെ ലോഞ്ച് വെഹിക്കിള്‍ സിസ്റ്റംസ് എഞ്ചിനീയറിംഗ്, സ്ട്രക്ചറല്‍ ഡിസൈന്‍, സ്ട്രക്ചറല്‍ ഡൈനാമിക്സ്, ഇന്ധന സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിലും മികവ് തെളിയിച്ചിട്ടുണ്ട് ഇദ്ദേഹം.

കൊല്ലത്തെ ടികെഎം കോളജ് ഓഫ് എഞ്ചിനീയറിംഗില്‍ നിന്നാണ് എസ് സോമനാഥ് മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടിയത്. ബംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ നിന്ന് എയ്‌റോസ്‌പേസ് എഞ്ചിനീയറിംഗില്‍ ബിരുദാനന്തര ബിരുദവും നേടി.

1985ല്‍ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടനയായ വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തില്‍ ചേരുകയും പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ (പിഎസ്എല്‍വി) പദ്ധതിയുടെ പ്രാരംഭ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമാവുകയും ചെയ്തു.