ലോകം ഇന്ന് ക്രിസ്തുമസ് ആഘോഷിക്കുന്നു
യേശു ക്രിസ്തുവിന്റെ ജനനത്തിന്റെ മധുരമുള്ള ഓര്‍മ പുതുക്കി ലോകമെങ്ങുമുള്ള ക്രൈസ്തവ വിശ്വാസികള്‍ ക്രിസ്മസ് ആഘോഷിക്കുന്നു. ഭൂമിയില്‍ സന്മനസുള്ളവര്‍ക്ക് സമാധാനം പ്രഖ്യാപിച്ച് ദൈവപുത്രന്‍ ഭൂമിയില്‍ അവതരിച്ചതിന്റെ ഓര്‍മ പുതുക്കുകയാണ് ക്രൈസ്തവ വിശ്വാസികള്‍.
കേരളത്തിലെ ദേവാലയങ്ങളില്‍ തിരുപ്പിറവിയുടെ കര്‍മങ്ങള്‍ ആഘോഷപൂര്‍വം നടന്നു . സിറോ മലബാര്‍ സഭ അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബെസലിക്കയില്‍ നടന്ന വിശുദ്ധ കുര്‍ബാനയ്ക്കും മറ്റു തിരുക്കര്‍മങ്ങള്‍ക്കും മുഖ്യകാര്‍മികനായി. മനുഷ്യജീവന് വിലകൊടുക്കാത്തവര്‍ വര്‍ധിച്ചുവരികയാണെന്നും മതത്തിന്റെ പേരില്‍ മനുഷ്യനെ വിഭജിക്കുന്നവര്‍ ലോകത്തെല്ലായിടത്തുമുള്ളതുപോലെ ഇന്ത്യയിലമുണ്ടെന്നും ആദ്ദേഹം പറഞ്ഞു.
യാക്കോബായ സഭ മെത്രാപ്പോലീത്തന്‍ ട്രസ്റ്റി ജോസഫ് മാര്‍ ഗ്രിഗോറിയോസ് കൊച്ചി എളങ്കുളം സെന്റ് മേരീസ് സൂനേറോ കത്തീഡ്രല്‍ പള്ളിയിലെ വിശുദ്ധ കുര്‍ബാനയ്ക്ക് നേത്യത്വം നല്‍കി. ചുറ്റുപാടും നോക്കുമ്പോള്‍ കലുഷിതമായ അന്തരീക്ഷം ആണ് കാണുന്നതെന്ന് അദ്ദേഹം തിരുപ്പിറവി സന്ദേശത്തിനിടെ പറഞ്ഞു.
ലത്തീന്‍ കത്തോലിക്കാ സഭ വരാപ്പുഴ അതിരൂപത ആര്‍ച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിലിന്റെ നേതൃത്വത്തിലായിരുന്നു കൊച്ചി സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രലിലെ പ്രാര്‍ഥനാ ചടങ്ങുകള്‍. വിവിധ ദേവാലയങ്ങളില്‍ നടന്ന തിരുകര്‍മങ്ങളില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.