പൗരത്വ നിയമഭേദഗതിയും എന്‍ആര്‍സിയും ഇന്ത്യയിലെ മുസ്ലീങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് അമേരിക്ക

കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ പൗരത്വ നിയമഭേദഗതിയും ദേശീയ പൗരത്വ രജിസ്റ്ററും 20 കോടിയോളം വരുന്ന ഇന്ത്യയിലെ ന്യൂനപക്ഷമായ മുസ്ലീങ്ങളുടെ പദവിയെയും അന്തസിനെയും പ്രതികൂലമായി ബാധിക്കുമെന്ന് യുഎസ് കോണ്‍ഗ്രഷണല്‍ റിസര്‍ച്ച് സര്‍വീസ് (സിആര്‍എസ്) ന്റെ റിപ്പോര്‍ട്ട്. മതം അടിസ്ഥാനമാക്കിയുള്ള പൗരത്വ നിര്‍ണയം രാജ്യത്ത് സ്വാതന്ത്ര്യം കിട്ടിയ ശേഷം ആദ്യമായാണെന്നും സിആര്‍എസ് റിപ്പോര്‍ട്ടില്‍ പറയുന്നു.ഡിസംബര്‍ 18നാണ് റിപ്പോര്‍ട്ട് പുറത്ത് വന്നത്.

ആഭ്യന്തര- രാജ്യാന്തര നിയമങ്ങള്‍ എങ്ങനെ പൗരന്മാരെ ബാധിക്കുന്നുവെന്ന് കണ്ടെത്താന്‍ യുഎസ് കോണ്‍ഗ്രസ് നിയോഗിച്ച സ്വതന്ത്ര ഏജന്‍സിയാണ് സിആര്‍എസ് . പക്ഷെ യുഎസ് കോണ്‍ഗ്രസ് ഔദ്യോഗിക റിപ്പോര്‍ട്ടായി ഇത് പരിഗണിക്കില്ല. എന്നിരുന്നാലും നിയമം മുസ്ലീങ്ങളെ ബാധിക്കില്ല എന്ന സര്‍ക്കാരിന്റെ ആവര്‍ത്തിച്ചുള്ള ഉറപ്പിന് പ്രതികൂലമാണ് ഈ റിപ്പോര്‍ട്ട്.

2014 ഡിസംബര്‍ 31ന് മുമ്പ് ബംഗ്ലാദേശ്, പാകിസ്താന്‍, അഫ്ഗാനിസ്താന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയില്‍ എത്തിയ മുസ്ലിങ്ങള്‍ ഒഴികെയുള്ളവര്‍ക്ക് പൗരത്വം നല്‍കുമെന്നാണ് ഭേദഗതി. ലോക്‌സഭയിലും രാജ്യസഭയിലും മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് ബില്‍ പാസായത്. തുടര്‍ന്ന് ഇതിനെ എതിര്‍ത്ത് രാജ്യത്താകെ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടു. ഭേദഗതിക്ക് പിന്നാലെ പൗരത്വ രജിസ്റ്റര്‍ കൂടി നടപ്പാക്കാനുള്ള നീക്കം പ്രതിഷേധത്തിന്റെ ശക്തി കൂട്ടി. രാജ്യത്തു പല ഭാഗങ്ങളിലും ഇപ്പോഴും പ്രതിഷേധ പരിപാടികള്‍ തുടരുകയാണ്.