പ്രതിഷേധക്കാരോട് പാകിസ്ഥാനിലേക്ക് പോകാന്‍ പൊലീസ് ഉദ്യോഗസ്ഥന്റെ ആക്രോശം

പൗരത്വ ഭേദഗതി പ്രതിഷേധങ്ങള്‍ക്ക് എതിരെ നമ്മുടെ പോലീസിനും സൈന്യത്തിനും ബി ജെ പിയുടെ നിലപാട് തന്നെയാണ് എന്ന് കുറച്ചു ദിവസം കൊണ്ട് രാജ്യത്തിനു മുഴുവന്‍ മനസിലായിക്കഴിഞ്ഞു. കരസേനാ മേധാവിയുടെ പ്രസ്താവന വന്നതിനു പിന്നാലെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച മീററ്റിലെ പ്രദേശവാസികളോട് പാക്കിസ്ഥാനിലേക്ക് പോകാന്‍ ആക്രോശിച്ച് യു.പിയിലെ ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്റെ വീഡിയോയും പുറത്തു വന്നു.

പ്രതിഷേധക്കാരെല്ലാം പാക്കിസ്ഥാനിലേക്ക് പോയിക്കോളണമെന്ന് ആക്രോശിച്ച് നാട്ടുകാര്‍ക്ക് നേരെ പാഞ്ഞടക്കുകയായിരുന്നു പൊലീസ്. ഡിസംബര്‍ 20 നായിരുന്നു സംഭവം. യു.പിയില്‍ അന്ന് നടന്ന പൊലീസ് വെടിവെപ്പില്‍ നാല് പേരാണ് കൊല്ലപ്പെട്ടതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മീററ്റ് എസ്.പി. അഖിലേഷ് എന്‍.സിംഗാണ് ഡിസംബര്‍ 20 – ന് ഉത്തര്‍പ്രദേശില്‍ പ്രതിഷേധക്കാരും പൊലീസ് ഉദ്യോഗസ്ഥരും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ വര്‍ഗീയ പരാമര്‍ശം നടത്തിയത്. പ്രദേശവാസികളോടൊപ്പം നടക്കുന്നതിനിടെ സംസാരിക്കുന്ന അഖിലേഷിന്റെ വീഡിയോ ആണ് പുറത്തു വന്നിരിക്കുന്നത്. സംഘര്‍ഷത്തിനിടയില്‍ ലിസാരി ഗേറ്റില്‍ നിന്ന് ചിത്രീകരിച്ചതാണ് വീഡിയോ. ‘നിങ്ങള്‍ക്ക് എവിടെ പോകാനാണ്? ഞാന്‍ ഈ വഴി ഇപ്പോള്‍ തന്നെ ശരിപ്പെടുത്തുന്നുണ്ട്’ എന്നു പറഞ്ഞ് സംഭാഷണം തുടങ്ങിയ അഖിലേഷിനോട് തങ്ങള്‍ നമസ്‌കാരം നടത്തുകയായിരുന്നു എന്ന് പ്രദേശവാസികള്‍ മറുപടി പറയുന്നു.

‘അത് നല്ലതാണ്. എന്നാല്‍ ഈ കറുപ്പും നീലയും ബാഡ്ജ് ധരിച്ചവരോട് പാകിസ്ഥാനിലേക്ക് പോകാന്‍ പറയൂ. നിങ്ങള്‍ ഇവിടെ ജീവിക്കാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ ഇവിടെ നിന്ന് പോകൂ. നിങ്ങള്‍ ഇവിടത്തെ ഭക്ഷണം കഴിച്ചിട്ട് മറ്റേതെങ്കിലും സ്ഥലത്തെ പ്രകീര്‍ത്തിക്കുന്നോ? ഈ വഴി ഇപ്പോള്‍ എനിക്ക് പരിചിതമായി കഴിഞ്ഞു. ഇവിടെയുള്ള ഓരോ വീട്ടിലേയും ഓരോരുത്തരെയും ഞാന്‍ ജയിലിലാക്കും.’അഖിലേഷ് പറയുന്നു. താന്‍ എല്ലാം തകര്‍ക്കും എന്നുപറഞ്ഞാണ് അഖിലേഷ് സംഭാഷണം അവസാനിപ്പിക്കുന്നത്.

എന്നാല്‍ പ്രതിഷേധക്കാര്‍ പാക്കിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിക്കുകയായിരുന്നെന്നും അതുകൊണ്ടാണ് തങ്ങള്‍ക്കും അങ്ങനെ പ്രതികരിക്കേണ്ടി വന്നതെന്നുമാണ് പൊലീസ് ഉദ്യോഗസ്ഥന്‍ വീഡിയോ വൈറലായതിന് പിന്നാലെ നല്‍കിയ വിശദീകരണം.