പോലീസ് കയ്യേറ്റം ചെയ്തു ; വഴിയില്‍ തടഞ്ഞു ; സ്‌കൂട്ടറില്‍ യാത്രചെയ്തു പ്രിയങ്ക ഗാന്ധി
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ അറസ്റ്റിലായവരുടെ വീടു സന്ദര്‍ശിക്കാന്‍ പോയ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ പൊലീസ് വഴിയില്‍ തടഞ്ഞു. മുന്‍ ഐപിഎസ് ഓഫീസര്‍ എസ്.ആര്‍.ദാരാപുരിയുടേയും മറ്റും കുടുംബത്തെ സന്ദര്‍ശിക്കുന്നതിന് വേണ്ടി പോകുന്നതിനിടെയാണ് യു.പി പോലീസ് തടഞ്ഞത്. തുടര്‍ന്ന് അവര്‍ കാറില്‍ നിന്നിറങ്ങി പാര്‍ട്ടി പ്രവര്‍ത്തകന്റെ സ്‌കൂട്ടറില്‍ കയറിയാണ് ദരാപുരിയുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാനായി എത്തിയത്.
ഡിസംബര്‍ 19നാണ് പൗരത്വ പ്രതിഷേധത്തില്‍ പങ്കെടുത്തതിന് സദഫ് ജാഫറിനെ പൊലീസ് അറസ്റ്റു ചെയ്തത്. പ്രതിഷേധക്കാര്‍ വാഹനങ്ങള്‍ക്കു തീയിടുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്യുന്നത് ഫെയ്സ്ബുക്ക് ലൈവിലൂടെ പുറത്തുവിടുന്നതിനിടെയാണ് ഇവരെ അറസ്റ്റു ചെയ്തത്.
അതേസമയം തന്നെ എന്തിനാണ് പോലീസ് തടഞ്ഞതെന്ന് അറിയില്ല.അവര്‍ തന്നെ റോഡിന് നടുവില്‍ തടഞ്ഞു വെച്ചു,പോലീസ് കയ്യേറ്റം ചെയ്തു എന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു. പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് കാറില്‍ നിന്നിറങ്ങി പാര്‍ട്ടി പ്രവര്‍ത്തകന്റെ സ്‌കൂട്ടറില്‍ കയറിയാണ് ദാരാപുരിയുടെ വീട്ടില്‍ എത്തിയത്.
സ്‌കൂട്ടറില്‍ കയറി പോകുന്നതിനിടയിലാണ് പോലീസ് കയ്യേറ്റം ചെയ്തതെന്നാണ് പ്രിയങ്കയുടെ ആരോപണം.തന്നോടും മറ്റ് കോണ്‍ഗ്രസ് നേതാക്കളോടും പോലീസ് മോശമായി പെരുമാറിയെന്നും പ്രിയങ്ക ആരോപിച്ചു.സംഭവത്തില്‍ പ്രതികരിച്ച കോണ്‍ഗ്രസ് പ്രിയങ്കാ ഗാന്ധിയെ പോലീസ് ബലം പ്രയോഗിച്ച് തടഞ്ഞെന്ന് ആരോപിച്ചു.