മകളെ വെട്ടിക്കൊന്ന് രണ്ടാനച്ഛന്‍ തൂങ്ങിമരിച്ചു

കോഴിക്കോട് കുന്നമംഗലത്ത് മകളെ വെട്ടിക്കൊന്ന ശേഷം അച്ഛന്‍ തൂങ്ങിമരിച്ചു. പൈമ്പാലുശ്ശേരി നെടുമങ്ങാട് ദേവദാസ് (50) ആണ് മകള്‍ സൂര്യ (30) യെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്.
അക്രമത്തില്‍ യുവതിയുടെ അമ്മയ്ക്കും വെട്ടേറ്റു. അമ്മ സതീദവി (48) യെ പരിക്കുകളോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ആത്മഹത്യ ചെയ്ത ദേവദാസ് കെഎസ്ആര്‍ടിസി ഡ്രൈവറാണ്. സൂര്യയുടെ വിവാഹത്തെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. വൈകീട്ട് 5.00 മണിയോടെയാണ് സംഭവം. മദ്യ ലഹരിയിലായിരുന്ന ദേവദാസ് മകള്‍ സൂര്യയെ വാക്കത്തി കൊണ്ടാണ് വെട്ടിയത്. ബഹളം കേട്ട് ഓടിയെത്തിയ അയല്‍വാസിയും നാട്ടുകാരും ചേര്‍ന്നാണ് ഇരുവരേയും ആശുപത്രിയില്‍ എത്തിച്ചത്. മെഡിക്കല്‍ കോളേജിലേക്കുള്ള വഴിമധ്യേയാണ് സൂര്യ മരിച്ചത്.

മകളുടെ പ്രണയ ബന്ധത്തിലുള്ള എതിര്‍പ്പാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സൂര്യയെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച പരിക്കേറ്റ ഭാര്യ സതീദേവി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സതീദേവി അപകട നില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. സൂര്യയുടേയും ദേവദാസിന്റേയും മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.