കാന്‍പൂരിലെ അക്രമത്തിനു പിന്നില്‍ കേരളത്തില്‍ നിന്നുള്ളവര്‍ക്കും പങ്ക് എന്ന് യു പി പോലീസ്

ഉത്തര്‍പ്രദേശില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധ സംഭവങ്ങളില്‍ കേരളത്തില്‍ നിന്നുള്ളവര്‍ക്കും പങ്കുണ്ടെന്ന് റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശ് പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗമാണ്
കാന്‍പുരില്‍ നടന്ന അക്രമ സംഭവങ്ങളിലും കലാപങ്ങളിലും കേരളത്തില്‍ നിന്നുള്ളവരും ഉണ്ടെന്നു റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത് .

ഇവരെ കണ്ടെത്താന്‍ കേരളത്തിലടക്കം പോസ്റ്റര്‍ പതിക്കുമെന്നും ഉത്തര്‍പ്രദേശ് പോലീസ് അറിയിച്ചു. ഉത്തര്‍പ്രദേശിലെ അക്രമങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഉത്തര്‍പ്രദേശ് പോലീസ് നേരത്തെ പറഞ്ഞിരുന്നു. മാത്രമല്ല കേരളത്തിന് പുറമേ ഡല്‍ഹിയില്‍ നിന്നുള്ളവര്‍ക്കും അക്രമങ്ങളില്‍ പങ്കുണ്ടെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന കലാപത്തില്‍ ഉത്തര്‍പ്രദേശിലെ പലയിടങ്ങളിലും വ്യാപകമായ അക്രമസംഭവങ്ങള്‍ അരങ്ങേറിയിരുന്നു.

അക്രമത്തില്‍ പതിനഞ്ചിലേറെ പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെ അക്രമം നടത്തിയവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നടത്തിയത്. അതിന്റെ അടിസ്ഥാനത്തില്‍ ഉത്തര്‍പ്രദേശിലെ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് അക്രമസംഭവങ്ങളില്‍ കേരളത്തില്‍നിന്നുള്ളവരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പോലീസ് അറിയിച്ചത്.

കാന്‍പുരിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് ഇവരുടെ പോസ്റ്ററുകള്‍ തയ്യാറാക്കുമെന്നാണ് പൊലീസ് പറയുന്നത്. ഈ പോസ്റ്ററുകള്‍ ഉത്തര്‍പ്രദേശിലും ഡല്‍ഹിയിലും കൂടാതെ കേരളത്തിലും പതിക്കുമെന്നും പൊലീസ് അറിയിച്ചു.