പ്ലാസ്റ്റിക് നിരോധനം ; പിഴ ഈടാക്കിയാല്‍ കടകള്‍ അടച്ചിടുമെന്ന് വ്യാപാരികള്‍

ജനുവരി ഒന്നുമുതല്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിനെതിരെ വ്യാപാരി വ്യവസായി
ഏകോപന സമിതി. നിരോധനത്തിന്റെ ഭാഗമായി കച്ചവടക്കാരില്‍ നിന്ന് പിഴ ഈടാക്കാന്‍ തുടങ്ങിയാല്‍ അനിശ്ചിത കാലത്തേക്ക് കടകളടയ്ക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി നസറുദ്ദീന്‍ അറിയിച്ചു.

സംസ്ഥാനത്ത് ജനുവരി ഒന്നു മുതല്‍ പ്ലാസ്റ്റിക് നിരോധനം നടപ്പാക്കാനിരിക്കെയാണ് വ്യാപാരികളുടെ കടുത്ത തീരുമാനം. ജനുവരി ഒന്ന് മുതല്‍ നിരോധിച്ച പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ വില്‍പന നടത്തിയാലും സൂക്ഷിച്ചാലും കുറ്റകരമാണ്. നിയമം ലംഘിച്ചാല്‍ പതിനായിരം രൂപ മുതല്‍ അന്‍പതിനായിരം രൂപ വരെ പിഴ ഈടാക്കും.

പിഴ ഈടാക്കാന്‍ തുടങ്ങിയാല്‍ അനിശ്ചിത കാലത്തേക്ക് കടകളടച്ചിടും. പെട്ടന്നുള്ള പ്ലാസ്റ്റിക് നിരോധനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നും നസറുദ്ദീന്‍ പറഞ്ഞു. പ്ലാസ്റ്റികിന് ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്താതെയുള്ള നിരോധനം ചെറുകിടവ്യാപാരികളെ പ്രതിസന്ധിയിലാക്കുമെന്നാണ് വ്യാപാരികളുടെ പരാതി.

പ്ലാസ്റ്റിക് ഉത്പാദിപ്പിക്കുന്ന കമ്പനികളെ നിയന്ത്രിക്കാതെ വ്യാപാരികള്‍ക്ക് മേല്‍ നിരോധനം അടിച്ചേല്‍പ്പിക്കുന്നത് പ്രായോഗികമല്ലെന്നും നസറുദ്ദീന്‍ പറഞ്ഞു. നിരോധനത്തിന് മുന്‍പുള്ള ആലോചനകളില്‍ വ്യാപാരികളെ ഉള്‍പ്പെടുത്തിയില്ലെന്നും പരാതിയുണ്ട്. ജിഎസ്ടിക്കും നോട്ടുനിരോധനത്തിനും ശേഷമുള്ള പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നതാണ് പ്ലാസ്റ്റിക് നിരോധനമെന്നും വ്യാപാരികള്‍ പറയുന്നു.