വിയന്നയില്‍ മലയാളി ലത്തീന്‍ കത്തോലിക്കാ സമൂഹത്തിന് തുടക്കമായി
വിയന്ന: പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനുശേഷം ഓസ്ട്രിയയിലെ മലയാളി ലത്തീന്‍ കത്തോലിക്കാ സമൂഹത്തിന് വിയന്നയില്‍ ഔദ്യോഗിക തുടക്കമായി. കേരളത്തില്‍ നിന്നും പഠന ആവശ്യങ്ങള്‍ക്കായി വിയന്ന യുണിവേഴ്‌സിറ്റിയിലെത്തിയ ഫാ. മത്യാസ് ഒലിവറിന്റെ നേതൃത്വത്തിലാണ് മലയാളി ലത്തീന്‍ സമൂഹം ഒരു സമൂഹമെന്ന നിലയില്‍ ‘വിയന്ന മലയാളി ലാറ്റിന്‍ കാത്തലിക്ക് കമ്യൂണിറ്റി (VMLCC)’ എന്ന പേരില്‍ രൂപം കൊണ്ടത്.
ഡിസംബര്‍ 28ന് വൈകിട്ട് വിയന്നയിലെ 23-മത് ജില്ലയിലെ വേലിങ്ര്ഗാസേ 5-ല്‍ ഉള്ള വി. ഡൊമിനിക്ക് സാവിയോയുടെ ദേവാലയത്തില്‍ ലത്തീന്‍ കൂട്ടായ്മ ഒരുമിച്ചു ചേര്‍ന്നു ആഘോഷമായ ദിവ്യബലി അര്‍പ്പിച്ചു. ദിവ്യബലിയില്‍ സ്ഥലത്തെ മറ്റു വിശ്വാസ സമൂഹത്തില്‍ നിന്നുള്ള അംഗങ്ങളും പങ്കുചേര്‍ന്നു. വി. കുര്‍ബാനയ്ക്കുശേഷം സ്‌നേഹവിരുന്നും ഉണ്ടായിരുന്നു. തനതായ പൈതൃകവും ആചാരക്രമങ്ങളും പിന്തുടരുന്ന 25-ഓളം വരുന്ന ലത്തീന്‍ കത്തോലിക്കാ മലയാളി കുടുംബങ്ങളാണ് ഇപ്പോള്‍ വിയന്നയിലുള്ളത്.
തുടര്‍ന്ന് ലത്തീന്‍ സമൂഹത്തിന് മാത്രമായി നടന്ന സമ്മേളനത്തില്‍ വിയന്ന ആര്‍ഗെ ആഗില്‍ നിന്നുള്ള ഡോ. അലക്‌സാണ്ടര്‍ ക്രാല്‍ജിക്ക്, നൊയേര്‍ലാ ഇടവക വികാരി ഫാ. ജോര്‍ജ് സ്‌ളൂവ, ഫാ. മത്യാസ് ഒലിവര്‍ എന്നിവര്‍ ചേര്‍ന്ന് പുതിയ കൂട്ടായ്മയുടെ ഔദ്യോഗിക ഉത്ഘാടനം നിര്‍വ്വഹിച്ചു. കൂട്ടായ്മയുടെ ആവശ്യകതയെക്കുറിച്ച് ഡോ. അലക്സാണ്ടര്‍ വിവരിച്ചു. ഫാ. ജോര്‍ജ്ജ് ലത്തീന്‍ സമൂഹത്തിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കും വളര്‍ച്ചയ്ക്കും ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.
ഫാ. മത്യാസ് ഒലിവര്‍ (രക്ഷാധികാരി, പ്രസിഡന്റ്), ജോണ്‍ ബ്രിട്ടോ അടിച്ചിയില്‍ (വൈസ് പ്രസിഡന്റ്), ജോണ്‍സണ്‍ കുന്നത്തൂരാന്‍ (സെക്രട്ടറി), സാബു ചക്കാലക്കല്‍ (കോഓര്‍ഡിനേറ്റര്‍, ട്രെഷറര്‍), സുജ പെരേര (ലിറ്റര്‍ജി കോഓര്‍ഡിനേറ്റര്‍) എന്നിവര്‍ ഉള്‍പ്പെട്ട പുതിയ ഭരണ സമിതിയും ലത്തീന്‍ സമൂഹത്തിന്റേതായി രൂപികരിച്ചു. ഇനി മുതല്‍ എല്ലാ മാസവും അവസാന ശനിയാഴ്ച വൈകിട്ട് 5 മണിയ്ക്ക് ഡൊമിനിക്ക് സാവിയോ ദേവാലയത്തില്‍ ലത്തീന്‍ റീത്തിലുള്ള വി. കുര്‍ബാന മലയാളത്തില്‍ ഉണ്ടായിരിക്കും.
ഫാ.മത്യാസ് ഒലിവര്‍: 2006-ല്‍ വൈദികപട്ടം സ്വീകരിച്ച ഫാ. മത്യാസ് തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ വൈദികനാണ്. 2016 വരെ തിരുവനന്തുരം അതിരൂപതയിലെ വിവിധ ഇടവകകളിലും അതിരൂപതാ സ്ഥാപനങ്ങളിലും സേവനമനുഷ്ഠിച്ച ശേഷം കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്നും മനുഷ്യ വിഭവ ക്രമീകരണ വിഷയത്തില്‍ ബിരുദാനന്തര ബിരുദം നേടി. തുടര്‍ന്ന് ബെല്‍ജിയത്തെ ലൂവൈന്‍ കാതലിക് യുണിവേഴ്‌സിറ്റിയില്‍ നിന്നും മോറല്‍ തിയോളജിയില്‍ ലൈസന്‍ഷിയേറ്റും കരസ്ഥമാക്കി. ഇപ്പോള്‍ വിയന്ന യൂണിവേഴ്‌സിറ്റിയില്‍ മോറല്‍ തിയോളജിയില്‍ ഡോക്ടറേറ്റ് ചെയ്യുന്നതോടൊപ്പം വിയന്ന അതിരൂപതയുടെ കീഴില്‍ നൊയേര്‍ലാ ഇടവക സഹവികാരിയായി സേവനമനുഷ്ഠിക്കുകയും വിയന്നയിലെ മലയാളി ലത്തീന്‍ സമൂഹത്തിന്റെ ചാപ്‌ളിന്‍ ആയി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.