രാത്രിയും സ്ത്രീകള്‍ക്ക് പുറത്തിറങ്ങുവാന്‍ വേണ്ടി ; വനിതകളുടെ രാത്രി നടത്തം ഇന്ന്
സ്ത്രീകള്‍ക്ക് രാത്രിയും പുറത്തിറങ്ങി സ്വതന്ത്രമായി സഞ്ചരിക്കുവാന്‍ വേണ്ടി പൊതുയിടം എന്റേതും എന്ന സന്ദേശമുയര്‍ത്തി സംസ്ഥാനത്തെ വനിതകളുടെ രാത്രി നടത്തം ഇന്ന്. സംസ്ഥാന വനിത ശിശു വികസന വകുപ്പാണ് പദ്ധതി നടപ്പിക്കുന്നത്. സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട 100 കേന്ദ്രങ്ങളില്‍ വൈകിട്ട് 10 മണി മുതല്‍ ഒരു മണി വരെയാണ് രാത്രി നടത്തം.
നിര്‍ഭയ ദിനത്തോടനുബന്ധിച്ചാണ് പൊതുയിടം എന്റേതും എന്ന സന്ദേശമുയര്‍ത്തി, വനിതാ ശിശു വികസന വകുപ്പ് രാത്രി നടത്തം സംഘടിപ്പിക്കുന്നത്. രാത്രി കാലങ്ങളില്‍ പുറത്ത് ഇറങ്ങി നടക്കുന്നതില്‍ സ്ത്രീകള്‍ക്കുള്ള പേടി അകറ്റുക, സ്ത്രീകളുടെ അവകാശത്തെ കുറിച്ച് പൊതുസമൂഹത്തെ ബോധവത്കരിക്കുക എന്നിവയാണ് രാത്രി നടത്തത്തിലൂടെ ലക്ഷ്യമിടുന്നത്. ഉദ്ഘാടന ദിനമായ ഇന്ന് മുന്‍കൂട്ടി തിരഞ്ഞെടുത്ത സംസ്ഥാനത്തെ 100 നഗരങ്ങളില്‍ പോലീസ് സുരക്ഷയോടെയായിരിക്കും സ്ത്രീകള്‍ നടക്കാനിറങ്ങുക.
വനിതാ ദിനമായ മാര്‍ച്ച് എട്ട് വരെ വിവിധ ദിവസങ്ങളില്‍ മുന്‍കൂട്ടി അറിയിക്കാതെയും ഈ നടത്തം സംഘടിപ്പിക്കും. ഈ പദ്ധതിയിലൂടെ സംസ്ഥാനത്തെ ക്രൈം മാപ്പിംഗും നടത്തും. സിസിടിവി ക്യാമറ നിരീക്ഷണത്തിലാകും രാത്രി നടത്തം സംഘടിപ്പിക്കുക. നടത്തം സംഘടിപ്പിക്കുന്ന ഇടങ്ങളില്‍ കനത്ത പോലീസ് സുരക്ഷയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ പൂവാലന്മാരെ പിടികൂടാന്‍ ഷാഡോ പോലീസിന്റെ സേവനവും ഏര്‍പ്പെടുത്തി.