ഇന്ത്യയുടെ ആദ്യത്തെ സംയുക്ത സേന മേധാവിയായി ബിപിന്‍ റാവത്ത്

ഇന്ത്യയുടെ ആദ്യത്തെ സംയുക്ത സേന മേധാവിയായി(ചീഫ് ഓഫ് സിഫന്‍സ് സ്റ്റാഫ്) ജനറല്‍ ബിപിന്‍ റാവത്തിനെ നിയമിച്ചു. നിലവില്‍ കരസേന മേധാവിയായ ബിപിന്‍ റാവത്ത് നാളെ വിരമിക്കാനിരിക്കെയാണ് സര്‍ക്കാര്‍ തിരക്കിട്ടു പുതിയ നിയമനം നടത്തിയത്.

1954ലെ ആര്‍മി ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയാണ് പുതിയ നിയമനം. കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിലാണ് കര,വ്യോമ, നാവിക സേനകളുടെ സംയുക്ത മേധാവി എന്ന പദവി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് രാജ്യത്ത് നടന്ന പ്രതിഷേധങ്ങളെ വിമര്‍ശിച്ച് ബിപിന്‍ റാവത്ത് നടത്തിയ പരാമര്‍ശം ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. സി.ഡി.എസിന്റെ പ്രായപരിധിയും കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുണ്ട്. 65 വയസ്സാണു പരിധി.

പ്രതിരോധ മന്ത്രിയുടെ മുഖ്യ സൈനിക ഉപദേഷ്ടാവെന്ന പദവിയാണ് ഇതുവഴി റാവത്തിനു ലഭിക്കുന്നത്. അതേസമയം, കര, വ്യോമ, നാവിക സേനകള്‍ക്കു മേലുള്ള കമാന്‍ഡിങ് പവര്‍ സി.ഡി.എസിനു സാങ്കേതികമായി ഉണ്ടായിരിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.