ചരിത്ര വേദിയിലെ സംഘര്‍ഷങ്ങള്‍ ; ഗവര്‍ണര്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കും

കണ്ണൂര്‍ : ചരിത്ര കോണ്‍ഗ്രസിന്റെ ഉത്ഘാടന വേദിയിലുണ്ടായ സംഘര്‍ഷങ്ങള്‍ സംബന്ധിച്ച് ഗവര്‍ണര്‍ കേന്ദ്രസര്‍ക്കാരിന് വിശദമായ റിപ്പോര്‍ട്ട് നല്‍കും.നേരത്തെ സംഭവത്തില്‍ ചീഫ് സെക്രട്ടറി ടോം ജോസിനെ വിളിച്ച് വരുത്തി ഗവര്‍ണര്‍ വിശദീകരണം തേടിയിരുന്നു.ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ചീഫ് സെക്രട്ടറി ഗവര്‍ണറോട് വിശദീകരിക്കുകയും ചെയ്തു

സംഭവത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ഉള്‍പെടെയുള്ള വിവരങ്ങളും ഗവര്‍ണറെ ചീഫ് സെക്രട്ടറി ധരിപ്പിച്ചു.ഇതു സംബന്ധിച്ച് പോലിസിനോടും ഗവര്‍ണര്‍ വിശദമായ റിപ്പോര്‍ട്ട് ആവശ്യപെട്ടിട്ടുണ്ട്. നേരത്തെ തന്നെ ഗവര്‍ണ്ണര്‍ പ്രതിഷേധത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു.സംസ്ഥാനത്തെ രഹസ്യാന്വേഷണ വിഭാഗത്തോടും രാജ്ഭവന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

അതേസമയം മുതിര്‍ന്ന ബിജെപി നേതാവും എംഎല്‍എ യുമായ ഒ.രാജഗോപാല്‍ സംസ്ഥാനത്തെ പ്രശ്‌നങ്ങള്‍ ചൂണ്ടികാട്ടി ആഭ്യന്തരമന്ത്രാലയത്തിന് കത്തയച്ചു. ഗവര്‍ണര്‍ക്ക് സുരക്ഷയൊരുക്കുന്നത്തില്‍ സംസ്ഥാന പോലീസ് അങ്ങേയറ്റത്തെ അനാസ്ഥ കാട്ടിയെന്നും കത്തില്‍ ആരോപിക്കുന്നു.കേരള ഗവര്‍ണറെ മാത്രമല്ല ലക്ഷദ്വീപിലേക്കുള്ള യാത്രാമദ്ധ്യേ കേരളത്തിലെത്തിയ മണിപൂര്‍ ഗവര്‍ണര്‍ നജ്മ ഹെപ്തുള്ളയെ ആലുവയില്‍ വഴിതടയാന്‍ ശ്രമിച്ച കാര്യവും ഒ.രാജഗോപാലിന്റെ കത്തില്‍ പറയുന്നു.

കര്‍ണാടക മുഖ്യമന്ത്രി സ്വകാര്യ സന്ദര്‍ശനത്തിന് കേരളത്തിലെത്തിയപ്പോള്‍ നേരിട്ട പ്രതിഷേധങ്ങളെ കുറിച്ചും കത്തില്‍ പരാമര്‍ശമുണ്ട്.സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ന്നിരിക്കുകയാണെന്നും കത്തില്‍ പറയുന്നു.അഭ്യന്തര മന്ത്രാലയത്തിന്റെ അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്നാണ് കത്തിലെ ആവശ്യം.

അതേസമയം വഹിക്കുന്ന പദവിക്ക് നിരക്കാത്ത രൂപത്തിലാണ് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രവര്‍ത്തിക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഭരണഘടന പദവി വഹിക്കുന്നവര്‍ സാധാരണഗതിയില്‍ സ്വീകരിക്കേണ്ട കീഴ്വഴക്കങ്ങള്‍ പരസ്യമായി ലംഘിക്കുകയാണ് ഗവര്‍ണര്‍ ചെയ്യുന്നത്. ലോകം ആദരിക്കുന്ന ചരിത്രകാരന്മാര്‍ ഉള്‍പ്പെടെ പങ്കെടുക്കുന്ന ചരിത്ര കോണ്‍ഗ്രസില്‍, തയാറാക്കിയ പ്രസംഗം മാറ്റി വച്ച് രാഷ്ട്രീയ പ്രസംഗം നടത്തുകയാണ് ഗവര്‍ണര്‍ ചെയ്തത്.

വളരെ ചെറുപ്പത്തില്‍ എംപി ആയിരുന്ന ആളായതിനാല്‍ രാഷ്ട്രീയം പറയാതെ കഴിയില്ല എന്ന സമീപനം അപക്വമാണ്. ഇന്നലത്തെ രാഷ്ട്രീയ പ്രവര്‍ത്തനമല്ല ഇന്നത്തെ ഭരണഘടന പദവിയുടെ നിര്‍വഹണം ആവശ്യപ്പെടുന്നതെന്ന് ഗവര്‍ണര്‍ തിരിച്ചറിയണമെന്നും കോടിയേരി ബാലകൃഷ്ണന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. നിയമത്തിന്റെ ഭരണഘടനാ സാധ്യത ചോദ്യം ചെയ്യുന്ന ഹര്‍ജികളില്‍ സുപ്രിം കോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ചിരിക്കുകയാണ്.

പാര്‍ലമെന്റ് പാസാക്കിയ നിയമം ഭരണഘടനയ്ക്ക് അനുസൃതമാണോയെന്ന് പരിശോധിക്കാനുള്ള അവകാശം സുപ്രിം കോടതിയിലാണ് നിക്ഷിപ്തമായിട്ടുള്ളത്. രാജ്യത്തെ ഭരണഘടന ഗവര്‍ണര്‍ക്ക് അങ്ങനെയൊരു സവിശേഷ അധികാരം നല്‍കുന്നില്ല. കേന്ദ്ര സര്‍ക്കാരിന്റെ നിലപാടുകളുടെ രാഷ്ട്രീയ പ്രചാരണ ചുമതലയും ഗവര്‍ണറില്‍ നിക്ഷിപ്തമല്ല. കഴിഞ്ഞ ബിജെപി സര്‍ക്കാര്‍ നിയമിച്ചതാണെങ്കിലും പദവിയുടെ അന്തസത്തക്ക് ചേരുന്ന രീതിയിലായിരുന്നു കഴിഞ്ഞ ഗവര്‍ണര്‍ പ്രവര്‍ത്തിച്ചിരുന്നതെന്നും പ്രസക്തം. അതില്‍ നിന്നും പാഠം ഉള്‍ക്കൊള്ളാന്‍ ഇപ്പോഴത്തെ ഗവര്‍ണര്‍ തയാറാകണമെന്നും കോടിയേരി ആവശ്യപ്പെട്ടു.