പ്രിയങ്കയെ സ്‌കൂട്ടറില്‍ കയറ്റിയ വ്യക്തിക്ക് 6100 രൂപ പിഴ ചുമത്തി യു പി പോലീസ്
കാറില്‍ പോയ പ്രിയങ്കാ ഗാന്ധിയെ പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് സ്‌കൂട്ടറില്‍ കയറ്റിയ വ്യക്തിക്ക് 6100 രൂപ പിഴ ചുമത്തി യു പി പോലീസ്. ഉത്തര്‍ പ്രദേശ് ട്രാഫിക് പോലീസ് ആണ് 6100 രൂപ വിവിധ വകുപ്പുകളിലായി ചുമത്തിയിരിക്കുന്നത്. പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ചതിന് അറസ്റ്റിലാക്കപ്പെട്ട മുന്‍ ഐ.പി.എസ് ഓഫീസര്‍ എസ്. ആര്‍ ദാരാപുരിയുടെ ഭവന സന്ദര്‍ശന വേളയിലാണ് പ്രിയങ്ക ഗാന്ധി നിയമ ലംഘനം നടത്തിയത്
കോണ്‍ഗ്രസ് ജനറല്‍സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ യാത്ര ഉത്തര്‍ പ്രദേശ് പോലീസ് തടഞ്ഞത് വന്‍ വിവാദമായിരുന്നു. അതിന് പിന്നാലെയാണ് ട്രാഫിക് നിയമ ലംഘനത്തിന് പിഴ ചുമത്തിയിരിക്കുന്നത്.പ്രിയങ്ക ഗാന്ധിയെ പോലീസ് തടഞ്ഞതിനെത്തുടര്‍ന്ന് രാജസ്ഥാനില്‍നിന്നുള്ള മുന്‍ എംഎല്‍എ ധീരജ് ഗുജ്ജറിന്റെ സ്‌കൂട്ടറില്‍ അവര്‍ യാത്ര തുടരുകയായിരുന്നു. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന ധീരജ് ഗുജ്ജറും പിന്നിലിരുന്ന പ്രിയങ്ക ഗാന്ധിയും ട്രാഫിക് നിയമം ലംഘിച്ചതായാണ് ട്രാഫിക് പോലീസിന്റെ കണ്ടെത്തല്‍.
വിവിധ വകുപ്പുകളിലായി 6100 രൂപയാണ് ട്രാഫിക് പോലീസ് പിഴ ചുമത്തിയിരിക്കുന്നത്.
ഡ്രൈവിംഗ് ലൈസന്‍സില്ലാതെ വാഹനമോടിച്ചതിന് 2500 രൂപ, ഹെല്‍മറ്റ് ധരിക്കാതെയുള്ള സ്‌കൂട്ടര്‍ യാത്ര 500 രൂപ, സിഗ്‌നല്‍ ലംഘനം 300 രൂപ, നിയമവിരുദ്ധമായ നമ്പര്‍ പ്ലേറ്റ് 300 രൂപ, അപകടകരമായ രീതിയില്‍, അമിതവേഗതയില്‍ സ്‌കൂട്ടര്‍ ഓടിച്ചതിന് 2500 രൂപ ഇങ്ങനെയാണ് പിഴ ചുമത്തിയിരിക്കുന്നത്. യോഗി സര്‍ക്കാരിന്റെ പ്രതികാര നടപടികളാണ് ഇതെന്ന് ഇപ്പോള്‍ ആരോപണം ഉയര്‍ന്നു കഴിഞ്ഞു.