മൂന്ന് ദിവസം മുന്‍പ് നന്നാക്കിയ റോഡ് വാട്ടര്‍ അതോറിറ്റി കുത്തിപ്പൊളിച്ചു ; എതിര്‍പ്പുമായി നാട്ടുകാര്‍
മൂന്ന് ദിവസം മുമ്പ് പുനര്‍ നിര്‍മിച്ച റോഡ് കുത്തിപ്പൊളിച്ചത് കണ്ടു എതിര്പ്പുമായി രംഗത്തു വന്നു . തമ്മനം-പുല്ലേപ്പടി റോഡില്‍ പൊന്നുരുന്നി ഭാഗത്താണ് നന്നാക്കിയതിന് പിന്നാലെ റോഡ് കുത്തി പൊളിച്ചത്. വാട്ടര്‍ അതോറിറ്റിയാണ് റോഡ് കുഴിച്ചത്. കേന്ദ്രപദ്ധതി പ്രകാരമുള്ള പൈപ്പിടലിന്റെ ഭാഗമായാണ് റോഡ് പൊളിച്ചത്.
മൂന്ന് ദിവസം മുന്‍പാണ് റോഡില്‍ ടാറിംഗ് പൂര്‍ത്തീകരിച്ചത്. ഇതിന് പിന്നാലെ ഇന്നലെ രാത്രി റോഡ് കുത്തിപ്പൊളിക്കുകയായിരുന്നു. ഇന്ന് രാവിലെ സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. പൊളിച്ച ഭാഗത്തിന് ചുറ്റും നിന്ന് നാട്ടുകാര്‍ പ്രതിഷേധ മുദ്രാവാക്യങ്ങള്‍ മുഴക്കി.
നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് എറണാകുളം ജില്ലാ കളക്ടര്‍ എസ് സുഹാസ് ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി. അനുമതി ലഭിച്ച ശേഷമാണ് വാട്ടര്‍ അതോറിറ്റി പണികള്‍ ആരംഭിച്ചതെന്ന് കളക്ടര്‍ പറഞ്ഞു. വിഷയം വിശദമായി ചര്‍ച്ച ചെയ്യുമെന്നും അതിനായി യോഗം വിളിച്ചിട്ടുണ്ടെന്നും കളക്ടര്‍ വിശദീകരിച്ചു.