വ്യാജ വാഹന രജിസ്ട്രേഷന്‍ ; സുരേഷ് ഗോപി എം.പിയ്‌ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു
പുതുച്ചേരി വാഹന രജിസ്‌ട്രേഷന്‍ അഴിമതിയില്‍ സുരേഷ് ഗോപി എം.പിയ്‌ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. നികുതി വെട്ടിക്കുന്നതിനായി വ്യാജ താമസരേഖകള്‍ നിര്‍മിച്ചുവെന്നും മൊഴികളെല്ലാം സുരേഷ് ഗോപിക്ക് എതിരാണെന്നും തിരുവനന്തപുരം സിജെഎം കോടതിയില്‍ നല്‍കിയ കുറ്റപത്രത്തില്‍ പറയുന്നു.
വ്യാജവിലാസത്തില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിപ്പിന് ശ്രമിച്ച കേസില്‍ സുരേഷ് ഗോപി എംപിയ്‌ക്കെതിരെ കുറ്റം ചുമത്താന്‍ ക്രൈംബ്രാഞ്ച് മേധാവി മുന്‍പ് അനുമതി നല്‍കിയിരുന്നു.
രണ്ട് ആഡംബര കാറുകളുടെ നികുതി വെട്ടിക്കാന്‍ പുതുച്ചേരിയിലെ വ്യാജ വിലാസമുണ്ടാക്കി വാഹനം രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിപ്പിന് ശ്രമിച്ചെന്നാണ് സുരേഷ് ഗോപി എം.പിയ്‌ക്കെതിരെ കേസ്.
കേസില്‍ നിര്‍ണ്ണായകമായ പല കണ്ടെത്തലുകളാണ് ക്രൈംബ്രാഞ്ച് നടത്തിയിരിക്കുന്നത്. പുതുച്ചേരിയില്‍ വാടകയ്ക്ക് താമസിച്ചുവെന്ന് സുരേഷ് ഗോപി വ്യാജരേഖകള്‍ ഉണ്ടാക്കിയതായി ക്രൈംബ്രാഞ്ച് കണ്ടെത്തി. കൂടാതെ, പുതുച്ചേരിയിലെ അപ്പാര്‍ട്ട്‌മെന്റ് ഉടമകള്‍ സുരേഷ് ഗോപിയെ കണ്ടിട്ടില്ലെന്നും മൊഴി നല്‍കിയിട്ടുണ്ട്. ഒപ്പം, സുരേഷ് ഗോപി സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ ഒപ്പും സീലും വ്യാജമാണെന്ന് നോട്ടറി അഭിഭാഷകനും മൊഴി നല്‍കി. ഈ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം തയ്യാറാക്കിയത്.
2010 ലും 2017 ലുമായി സുരേഷ് ഗോപി രണ്ട് ഔഡി കാറുകള്‍ വ്യാജവിലാസത്തില്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ചുവെന്നായിരുന്നു ക്രൈംബ്രാഞ്ച് കേസ്. നികുതി വെട്ടിക്കാനായി പുതുച്ചേരിയില്‍ താമസിച്ചുവെന്നതിന് സുരേഷ് ഗോപി വ്യാജരേഖകള്‍ ചമച്ചതായി തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു.
മോട്ടോര്‍വാഹന നിയമത്തിലെ വഞ്ചന, വ്യാജരേഖ ചമക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്. 7 വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ് ഇത്. കേരളത്തില്‍ നിന്ന് വാങ്ങിയ ആഡംബര കാര്‍ പോണ്ടിച്ചേരിയില്‍ പോയി രജിസ്റ്റര്‍ ചെയ്തത് നികുതി വെട്ടിക്കാനാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. ഈ ഇടപാടിലൂടെ 19.6 ലക്ഷം രൂപ നികുതിയിനത്തില്‍ വെട്ടിച്ചുവെന്നാണ് കേസ്.
സമാനമായ പരാതികളില്‍ നടി അമല പോളിനും നടന്‍ ഫഹദ് ഫാസിലിനും എതിരെ ക്രൈംബ്രാഞ്ച് നേരത്തെ കേസ് എടുത്തിരുന്നു. എന്നാല്‍ പിഴ അടച്ചതിനെ തുടര്‍ന്ന് പിന്നീട് ഈ കേസുകള്‍ ക്രൈം ബ്രാഞ്ച് അവസാനിപ്പിക്കുകയായിരുന്നു.