പുതുവര്‍ഷ ശിശു ജനനം ; ചൈനയെ പിന്നിലാക്കി ഇന്ത്യ

പുതുവര്‍ഷത്തില്‍ ഒരു അപൂര്‍വ റെക്കോര്‍ഡിനു ഉടമകളായി ഇന്ത്യ. 2020 ജനുവരി ഒന്നിന് ഏറ്റവും അധികം കുഞ്ഞുങ്ങള്‍ പിറന്ന റെക്കോര്‍ഡാണ് ഇന്ത്യയെ തേടിയെത്തിയത്. പുതുവര്‍ഷത്തില്‍ ലോകത്ത് ജനിച്ചത് നാല് ലക്ഷം കുഞ്ഞുങ്ങളാണെന്ന് യുഎന്‍ അറിയിച്ചിരുന്നു. ഇതില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ ജനിച്ചത് ഇന്ത്യയിലാണെന്ന് യുഎന്‍ ശിശു സംരക്ഷണ വകുപ്പ്. ഏകദേശം 67, 385 കുഞ്ഞുങ്ങളാണ് ഇന്ത്യയില്‍ ജനിച്ചത്.

ഇന്ത്യക്ക് പിന്നില്‍ അയല്‍ക്കാരായ ചൈനയാണ് രണ്ടാം സ്ഥാനത്ത്. 46,299 കുട്ടികളാണ് ജനിച്ചത്. നൈജീരിയയില്‍ 26,039 കുഞ്ഞുങ്ങളും പാക്കിസ്ഥാനില്‍ 16,787 കുട്ടികളും പിറന്നു. കൂടാതെ ഇന്തോനേഷ്യയില്‍ 13,020, അമേരിക്കയില്‍ 10,452, കോംഗോയില്‍ 10,247, എത്യോപിയയില്‍ 8,493 കുട്ടികളുമാണ് ജനിച്ചത്.

പ്രവചിച്ചതുപോലെ 2020 ലെ ആദ്യ കുട്ടി ജനിച്ചത് ഫിജിയിലാണ്. അവസാനത്തെ കുട്ടി അമേരിക്കയിലും ജനിച്ചു. എല്ലാ പുതുവര്‍ഷവും നവജാത ശിശുക്കളുടെ ദിനമായാണ് യൂനിസെഫ് ആഘോഷിക്കുന്നത്.2018-ല്‍ 2.5 ദശലക്ഷം കുട്ടികള്‍ ജനിച്ച മാസം തന്നെ മരണപ്പെട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളിലായി നവജാത ശിശുക്കളുടെ മരണത്തില്‍ കുറവ് ഉണ്ടായിട്ടുണ്ടെന്ന് യൂനിസെഫ് അറിയിച്ചു.

അടുത്ത എട്ടു വര്‍ഷത്തിനുള്ളില്‍ ജനസംഖ്യയില്‍ ചൈനയെ മറി കടന്ന് ഇന്ത്യ ഒന്നാം സ്ഥാനത്ത് എത്തുമെന്നാണ് ഐക്യരാഷ്ട്ര സംഘടനയുടെ റിപ്പോര്‍ട്ട്. 2019 നും 2050 നുമിടയില്‍ 27 കോടി പേരുടെ വര്‍ദ്ധനവാണ് ഇന്ത്യയില്‍ പ്രതീക്ഷിക്കുന്നത്. നൂറ്റാണ്ട് അവസാനിക്കുമ്പോഴേക്കും ലോക ജനസംഖ്യയില്‍ 320 കോടിയുടെ വര്‍ദ്ധനവാണ് യുഎന്‍ പ്രതീക്ഷിക്കുന്നത്. അടുത്ത മുപ്പത് വര്‍ഷം കൊണ്ട് ജനസംഖ്യയില്‍ 200 കോടിയുടെ വര്‍ധനയുണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു.

ജനസംഖ്യ വര്‍ധനവില്‍ ഏറ്റവും കൂടുതല്‍ സംഭാവന നല്‍കുന്നത് ഇന്ത്യ, നൈജീരിയ, പാക്കിസ്ഥാന്‍ ഉള്‍പ്പെടെയുള്ള ഒന്‍പത് രാജ്യങ്ങളായിരിക്കുമെന്നും അതുപോലെ ജനസംഖ്യയുടെ ശരാശരി പ്രായം കൂടുകയാണെന്നും റിപ്പോര്‍ട്ടിലുണ്ട്.