പാകിസ്ഥാനില്‍ നടക്കുന്ന അതിക്രമങ്ങളില്‍ പ്രതിഷേധിക്കാത്തത് എന്ത് ?’ പ്രതിഷേധക്കാരോട് മോദി
തുമകുരു : കഴിഞ്ഞ 70 വര്‍ഷമായി പാകിസ്ഥാനില്‍ ന്യൂനപക്ഷങ്ങള്‍ക്കു നേരെയുള്ള അതിക്രമങ്ങളെക്കുറിച്ച് ഇന്ത്യയിലെ പ്രതിഷേധക്കാര്‍ എന്തുകൊണ്ടാണു മൗനം പാലിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ടു ദിവസത്തെ കര്‍ണാടക സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി ശ്രീ സിദ്ധഗംഗ മഠത്തില്‍ നടന്ന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്ന സമയമാണ് പൗരത്വ ഭേദഗതി നിയമത്തില്‍ കോണ്‍ഗ്രസിന്റെയും സഖ്യകക്ഷികളുടെയും എതിര്‍പ്പിനെ പ്രധാനമന്ത്രി വിമര്‍ശിച്ചത്.
അയല്‍രാജ്യങ്ങളില്‍ മതത്തിന്റെ പേരില്‍ പീഡനം അനുഭവിക്കുന്ന ന്യൂനപക്ഷങ്ങള്‍ക്ക് സംരക്ഷണം ഒരുക്കേണ്ടത് ഇന്ത്യയുടെ ഉത്തരവാദിത്തമാണ്. നമ്മുടെ സംസ്‌കാരം അതാണ്. ‘ഇന്ന് ഇന്ത്യന്‍ പാര്‍ലമെന്റിനെതിരെ പ്രക്ഷോഭം നടത്തുന്നവര്‍, പാകിസ്ഥാന്റെ പ്രവര്‍ത്തനങ്ങള്‍ രാജ്യാന്തര തലത്തില്‍ തുറന്നുകാട്ടണം. പാകിസ്ഥാന്‍ കഴിഞ്ഞ 70 വര്‍ഷമായി നടത്തുന്ന അതിക്രമങ്ങള്‍ക്കെതിരെയാണ് പ്രതിഷേധിക്കേണ്ടത്. അതിന് ധൈര്യം കാട്ടണം’- പ്രധാനമന്ത്രി പറഞ്ഞു.
‘മുദ്രാവാക്യങ്ങള്‍ വിളിക്കണമെന്നുണ്ടെങ്കില്‍ അവിടെ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെയാണ് വേണ്ടത്. പ്രതിഷേധ റാലികള്‍ നടത്തണമെന്നുണ്ടെങ്കില്‍ പാകിസ്ഥാനില്‍ നിന്ന് ആട്ടിയോടിച്ച ദളിത് സ്ത്രീകള്‍ക്ക് പിന്തുണ നല്‍കിക്കൊണ്ടാകണം’- പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.