മോദി ഇന്ത്യന്‍ പ്രധാനമന്ത്രിയോ അതോ പാക് സ്ഥാനപതിയോ എന്ന് മമത ബാനര്‍ജി

ഇന്ത്യയെ നിരന്തരം പാകിസ്ഥാനുമായി പ്രധാനമന്ത്രി മോദി താരതമ്യം ചെയ്യുന്നത് എന്തിനെന്നു ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. സിലിഗുരിയില്‍ പൗരത്വ നിയമഭേദഗതിക്ക് എതിരെയുള്ള സമരത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മമത ബാനര്‍ജി.

സ്വാതന്ത്ര്യം ലഭിച്ച് 70 വര്‍ഷങ്ങള്‍ക്ക് ശേഷവും ആളുകള്‍ അവരുടെ പൗരത്വം തെളിയിക്കണമെന്ന് പറയുന്നത് ലജ്ജാവഹമാണ്. ‘സമ്പന്നമായ പാരമ്പര്യവും സംസ്‌കാരവുമുള്ള രാജ്യമാണ് ഇന്ത്യ. എന്തിനാണ് പ്രധാനമന്ത്രി ഇന്ത്യയെ പാകിസ്ഥാനുമായി നിരന്തരം താരതമ്യം ചെയ്യുന്നത്’ – മമത ബാനര്‍ജി ചോദിച്ചു.

നിങ്ങള്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാണോ അതോ പാകിസ്ഥാന്റെ സ്ഥാനപതിയാണോ ? എല്ലാ പ്രശ്‌നങ്ങള്‍ക്കും നിങ്ങള്‍ എന്തിനാണ് പാകിസ്ഥാനെ പരാമര്‍ശിക്കുന്നത്’ – മുഖ്യമന്ത്രി ചോദിച്ചു. പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് മനഃപൂര്‍വം ബി ജെ പി ആശങ്ക സൃഷ്ടിക്കുകയാണെന്നും അവര്‍ ആരോപിച്ചു. ഒരു ഭാഗത്ത് പൗരത്വ രജിസ്റ്റര്‍ ഇല്ലെന്ന് പ്രധാനമന്ത്രി പറയുന്നു. എന്നാല്‍, ആഭ്യന്തരമന്ത്രിയും മറ്റ് മന്ത്രിമാരും പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുമെന്നാണ് പറയുന്നത്.