ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദിന്റെ ജീവന്‍ അപകടത്തില്‍ എന്ന് റിപ്പോര്‍ട്ട്

കേന്ദ്ര സര്‍ക്കാര്‍ അറസ്റ്റ് ചെയ്ത ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദിന്റെ ജീവന്‍ അപകടത്തിലെന്ന് റിപ്പോര്‍ട്ട്. അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍ ഹര്‍ജിത് സിംഗ് ഭാട്ടിയയാണ് ഇത്തരത്തില്‍ ഒരു വിവരം ലോകത്തോട് പറഞ്ഞത്. ആസാദിന് ഏത് നിമിഷവും ഹൃദയാഘാതമുണ്ടായേക്കാമെന്ന് ഡോക്ടര്‍ പറയുന്നു. ചികിത്സക്കായി ആസാദിനെ എത്രയും വേഗം എയിംസില്‍ പ്രവേശിപ്പിക്കണമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോടും പൊലീസിനോടും ഹര്‍ജിത് സിംഗ് ഭാട്ടിയ ആവശ്യപ്പെട്ടു.

ട്വീറ്റുകളിലൂടെയാണ് ആസാദിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ഡോക്ടര്‍ വിശദീകരിച്ചത്. ആഴ്ചതോറും ഫ്ളെബോടോമി ആവശ്യമുള്ള രോഗം ആസാദിന് പിടിപെടുകയാണെന്നും ഒരു വര്‍ഷമായി ചികിത്സയിലാണെന്നും ഡോക്ടര്‍ വ്യക്തമാക്കുന്നു. ഫ്ളെബോടോമി കൃത്യമായി ചെയ്തില്ലെങ്കില്‍ രക്തം കട്ടിയാകുകയും ഹൃദയസ്തംഭനത്തിലേക്ക് നയിക്കുകയും ചെയ്യും. തന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ചന്ദ്രശേഖര്‍ തിഹാര്‍ ജയിലിലെ പൊലീസിനോട് പലതവണ പറഞ്ഞിട്ടുണ്ടെന്നും എന്നാല്‍ എയിംസില്‍ ചികിത്സ നല്‍കാന്‍ പൊലീസ് അനുവദിക്കുന്നില്ലെന്നും അദ്ദേഹം ട്വീറ്റില്‍ പറഞ്ഞു

ഡല്‍ഹി ജുമാ മസ്ജിദിലെ പ്രതിഷേധത്തിനെ തുടര്‍ന്നാണ് ചന്ദ്രശേഖര്‍ ആസാദിനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. ഡിസംബര്‍ 21 ന് ആസാദിന്റെ ജാമ്യാപേക്ഷ ഡല്‍ഹി കോടതി നിരസിച്ചിരുന്നു. ഇദ്ദേഹത്തെ 14 ദിവസത്തേക്കാണ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. ഇപ്പോള്‍ തിഹാര്‍ ജയിലിലാണ് ചന്ദ്രശേഖര്‍ ആസാദ്.