അമേരിക്ക സൈനികക്കരുത്ത് ദുരുപയോഗം ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് ചൈന

ഇറാനിലെ അമേരിക്കന്‍ ആക്രമണം അപലപിച്ചു ചൈന. ഇറാന്‍ ഉന്നത സൈനിക കമാന്‍ഡര്‍ ജനറല്‍ ഖാസിം സുലൈമാനിയെ ഇറാഖില്‍ വ്യോമാക്രമണത്തില്‍ യുഎസ് വധിച്ച യു.എസ് സൈനിക നടപടി അന്താരാഷ്ട്ര ബന്ധങ്ങളുടെ അടിസ്ഥാന മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്ന് ചൈന കുറ്റപ്പെടുത്തി.

സൈനികക്കരുത്ത് ദുരുപയോഗം ചെയ്യുന്നത് അവസാനിപ്പിച്ച് ചര്‍ച്ചകളിലൂടെ പരിഹാരം കണ്ടെത്താന്‍ യുഎസ് ശ്രമിക്കണമെന്നും അമേരിക്കന്‍ നടപടി മേഖലയില്‍ പിരിമുറുക്കങ്ങളും അസ്ഥിരതയും വര്‍ദ്ധിപ്പിക്കുമെന്നും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി പറഞ്ഞു.

അമിത ബലപ്രയോഗം നടത്തരുത്. ചര്‍ച്ചകളിലൂടെ പ്രശ്‌നപരിഹാരം കണ്ടെത്തണം. പശ്ചിമേഷ്യ-ഗള്‍ഫ് മേഖലയില്‍ സമാധാനവും സുരക്ഷയും നിലനിര്‍ത്തുന്നതില്‍ ചൈന ക്രിയാത്മക പങ്കുവഹിക്കുമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.

ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി, ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സരിഫുമായി ഫോണ്‍ സംഭാഷണം നടത്തി. മേഖലയിലെ സംഘര്‍ഷങ്ങള്‍ പരിഹരിക്കുന്നതില്‍ ചൈനക്ക് നിര്‍ണായക പങ്കുവഹിക്കാന്‍ സാധിക്കുമെന്ന് കരുതുന്നതായി ഫോണ്‍ ചര്‍ച്ചക്ക് ശേഷം ജവാദ് സരിഫ് പറഞ്ഞു.