വിട പറഞ്ഞുപോയ ലോക കേരള മഹാസംഗമം

കാരൂര്‍ സോമന്‍, ലണ്ടന്‍

പ്രവാസി മലയാളിയുടെ പ്രശ്‌നപരിഹാര വേദിയായ ലോക കേരള സഭ തിരുവന്തപുരത്തു് സമാപിച്ചു. ഈ അടുത്ത ദിവസങ്ങളില്‍ ലോക കേരള സഭയെ ചൊല്ലി വാദപ്രതിവാദങ്ങള്‍ കൊഴുക്കുകയാണ്. പ്രവാസിക്ക് കയ്ച്ചിട്ട് ഇറക്കാനും മധുരിച്ചിട്ട് തുപ്പാനും വയ്യാത്ത ഒരവസ്ഥ. കേന്ദ്ര മന്ത്രി പറയുന്നു. ഇത് ഭൂലോക തട്ടിപ്പ്, പ്രതിപക്ഷം പറയുന്നു ധൂര്‍ത്തും അഴിമതിയും, വോട്ടു ബാങ്ക് രാഷ്ട്രീയം. കേരള സര്‍ക്കാര്‍ പറയുന്നു നാടിന്റ വികസനം, പ്രവാസികളെ ഒരു കുടകിഴില്‍ കൊണ്ടുവരണം. ഇതില്‍ ആര് പറയുന്നതാണ് വിശ്വസിക്കേണ്ടത്? കേരള സ്പീക്കര്‍ പറയുന്നത് എട്ടര കോടി ഇതിനായി ചിലവഴിച്ചു അല്ലാതെ ഇരുപത് കോടിയോന്നുമല്ല. സ്പീക്കര്‍ പറയുന്നത് വിശ്വസിക്കാനാണ് എനിക്കിഷ്ടം. അഥവ ധൂര്‍ത്തും അഴിമതിയും നടന്നെങ്കില്‍ അത് പുറത്തു വരട്ടെ. ഇതിലെ പ്രധാന സംശയം. പ്രവാസികളെ ഒരു കുട കിഴില്‍ എന്ന് പറയുമ്പോള്‍ ആ കുടക്ക് കൊടിയുടെ നിറം വല്ലതുമുണ്ടോ? അധികാരം കിട്ടിയാല്‍ ഏത് രാഷ്ട്രീയ പാര്‍ട്ടിയാണ് പണം ധൂര്‍ത്തടിക്കാത്തത്? അഞ്ചു വര്‍ഷങ്ങള്‍കൊണ്ട് അടുക്കളപെണ്ണിനും അഴക് വര്ധിപ്പിക്കുന്ന പാര്‍ട്ടികളെയല്ലേ നമ്മള്‍ കണ്ടിട്ടുള്ളത്. കേരളത്തിന്റ സമ്പദ് സമൃദ്ധിയില്‍ അരങ്ങേറിയ ഈ മഹോത്സവ0 കണ്ട് വന്നവരൊക്ക അത്യധികം ആഹ്‌ളാദിച്ചു. പ്രതിപക്ഷം പറയുന്നത് അടുത്ത തെരെഞ്ഞെടുപ്പില്‍ വോട്ട് തട്ടിയെടുക്കാനുള്ള തന്ത്രമാണ് പാവപെട്ടവന്റ് പണം ധൂര്‍ത്തടിച്ചുള്ള പഞ്ച നക്ഷത്ര ഹോട്ടലിലേക്കുള്ള പ്രവാസി പ്രജകളുടെ ഭക്തിപൂര്‍ണ്ണമായ ഈ വരവേല്‍പ്പ്. കേരളത്തിലെത്തുന്ന ഉദാരമതികളായ സമ്പത്തുള്ളവരെ മാറോടണച്ചു് മന്ദഹാസം പൊഴിക്കുമ്പോള്‍ ഈ പ്രവാസിക്ക് മുന്നോട്ട് വെക്കാനുള്ള ഒരു നിര്‍ദ്ദേശo. ലോക കേരള സഭ ചിലവ് പാവം മലയാളിയുടെ തലയില്‍ കെട്ടിവെക്കാതെ അതില്‍ വന്ന കോടിശ്വരന്മാരുടെ ജീവകാരുണ്യ സംഭാവനയായി വാങ്ങി ഈ ലോകാപവാദത്തിന്റ ചൂടൊന്നു തണുപ്പിച്ചുകൂടെ?

അടിസ്ഥാനവര്‍ഗ്ഗത്തെ മറന്നുകൊണ്ടുള്ള ഈ മഹാ സഭ കണ്ട് ഒരു പറ്റം പ്രവാസികളുടെ മനസ്സ് വിങ്ങുന്നു. ഇപ്പോഴും പല നിരപരാധികള്‍ ജയിലിലാണ്, ആരും തിരിഞ്ഞു നോക്കുന്നില്ല. മറ്റ് ചിലര്‍ക്ക് നിയമ പരിരക്ഷ കൊടുക്കാന്‍ പോലും ആരും വരുന്നില്ല. ജോലി ചെയ്തിട്ടും ശമ്പളം കിട്ടാത്തവര്‍, വരണ്ട മരുഭൂമിയില്‍ തൊണ്ട വരണ്ടു കഴിയുന്ന പാവങ്ങള്‍, കുട്ടികളെ പഠിപ്പിക്കാന്‍ നിവര്‍ത്തിയില്ലാതെ ഞെരിപിരികൊള്ളുന്നവര്‍, റിക്രൂട്ട്‌മെന്റ് ഏജന്‍സികളാല്‍ വഞ്ചിക്കപ്പെട്ടവര്‍, തൊഴില്‍ രംഗത്ത് ചൂഷണത്തിന് കിഴ്‌പ്പെടുന്നവര്‍, വിദ്യാഭ്യാസ യോഗ്യത ഉണ്ടെങ്കിലും വിദേശത്തു പോകാന്‍ കഴിയാതെ സാമ്പത്തിക പ്രതിസന്ധി നേരിടുന്നവര്‍, വിമാനക്കമ്പനികളുടെ ആകാശ കൊള്ള, മടങ്ങിവരുന്ന പ്രവാസികളുടെ പുനരധിവാസം, എംബസികള്‍ റബര്‍ സ്റ്റാമ്പാടിച്ചു വന്‍ ഫീസ് ഈടാക്കുന്നത്, സ്‌കൂളുകളിലെ കുട്ടികളില്‍ നിന്നും ഈടാക്കുന്ന വന്‍ ഫീസ്, ആരോഗ്യ രംഗത്ത് പാവപ്പെട്ട പ്രവാസി നേരിടുന്ന പ്രശനങ്ങള്‍, നോര്‍ക്കയുടെ സമീപന രീതികള്‍, അവര്‍ വഴി എത്ര തൊഴിലാളികള്‍ വിദേശത്തുപോയി ഇങ്ങനെ ആഴത്തില്‍ മുറിവേറ്റ ഭാഗങ്ങള്‍ ചികില്‍സിച്ചു സുഖപ്പെടുത്താനാണ് ലോകമലയാളികളുടെ മുന്നില്‍ നിഴല്‍വിളക്കുപോലെ പ്രകാശിക്കുന്നവരെത്തിയത്. അല്ലാതെ ആനന്ദസാഗരത്തില്‍ മുങ്ങി കുളിക്കാനല്ല. സംഗമത്തിന്റ മൂന്നാം ദിനം അവര്‍ ബഹുദൂരം സഞ്ചരിച്ചതായി പറയുന്നു. മരുപ്പച്ചയിലവര്‍ വിത്ത് വിതച്ചു. വളമിട്ട് മൂന്ന് ദിവസങ്ങള്‍ വെള്ളമൊഴിച്ചു. ഇനിയും വളര്‍ച്ചയുടെ കാലമാണ്. അടുത്ത വര്ഷം വിളവെടുപ്പ് വരും. അതില്‍ നിന്ന് കിട്ടുന്നത് മധുരിക്കുമോ എന്നത് കാത്തിരുന്നു കാണാം.

കഴിഞ്ഞ ലോക കേരള സഭയില്‍ കേട്ടത് പ്രവാസികളുടെ അടിസ്ഥാന 40 വിഷയങ്ങള്‍ അവതരിപ്പിച്ചു. വിരലില്‍ എണ്ണാന്‍ ചിലത് നടപ്പാക്കിയെന്ന് കേട്ടു. 47 രാജ്യങ്ങളില്‍ നിന്ന് വന്നവര്‍ക്ക് തൃപ്തികരമായ ഒരു വിശദികരണം പേപ്പറില്‍ എഴുതി കൊടുക്കാന്‍, മാധ്യമങ്ങള്‍ക്ക് കൊടുക്കാന്‍ ഈ മഹാ സഭക്ക് സാധിച്ചിരുന്നെങ്കില്‍ ജനഹ്ര്യദയങ്ങളില്‍ ആശങ്ക വളരില്ലായിരുന്നു. ഇതൊക്കെ കിട്ടാത്തതുകൊണ്ടാണ് കിളികളെപോലെ പലരും ലോകത്തിന്റ പല ഭാഗത്തുള്ള മരങ്ങളിലിരുന്ന് ചിലക്കുന്നത്. എന്തിനും ഏതിനും ഒരു വരവ് ചിലവുണ്ട്. ഏതു പ്രസ്ഥാനത്തിനും ഒരു കണക്കപിള്ള കാണു0. ഇതിന്റ കണക്കപിള്ള അതൊന്നും കൊടുക്കാതെ വീട്ടില്‍ വറുക്കലും പൊരിക്കലുമായി സമയം തള്ളിവിട്ടതാണോ ഇങ്ങനെ ഒരു പേരുദോഷത്തിന് കാരണമായത്? ഈ കണക്കപിള്ള കണക്കില്‍ വല്ല തിരിമറി നടത്തിയോ? ഈ ധൂര്‍ത്തിന്റ കരച്ചിലും പിഴിച്ചിലും പല കോണുകളില്‍ നിന്നുമുയരുന്നുണ്ട്. മംഗളദീപമെരിയുന്ന വിശാലമായ ആഡംബര ഗോപുരം കണ്ടപ്പോള്‍ അതിരറ്റ ആനന്ദമൊന്നും എല്ലാം പ്രവാസികള്‍ക്കുമുണ്ടായില്ല. അതിന്റ പ്രധാന കാരണം പ്രളയത്തില്‍ ദുഃഖദുരിതമനുഭവിക്കുന്നവരുടെ നെടുവീര്‍പ്പുകള്‍ കാണാതെ ഇങ്ങനെ ഒരു മാമാങ്കം എന്തിന്? ചില മനുഷ്യരെപ്പോലെ തരാതരത്തിനു നിന്ന് തള്ളി പറയാന്‍, തട്ടിപ്പറിക്കാന്‍, പൊട്ടിത്തെറിക്കാന്‍, സ്വന്തം കീശ വീര്‍പ്പിക്കാന്‍ ഇങ്ങനെ എത്രയോ മേളകള്‍ മലയാളി മക്കള്‍ കണ്ടിരിക്കുന്നു. ആ രഹസ്യ അജണ്ടയില്‍ വോട്ടു മാത്രമല്ല സമ്പത്തും, അധികാരവുമാണ് പ്രധാനം.

നമ്മുടെ സമുദായ നേതാക്കന്മാരുമായുള്ള രഹസ്യ അജണ്ട ഇന്ന് നാട്ടില്‍ പാട്ടാണ്. അധികാരമുണ്ടെങ്കില്‍ സത്യം അസത്യമാകും. കൊലയാളി നിരപരാധിയാകും. അതാണ് നമ്മുടെ ജനാധിപത്യം. കള്ളപണമുണ്ടാക്കുന്നവര്‍ വാരിക്കോരി കൊടുക്കും. അധികാരമില്ലെങ്കില്‍ സമ്പത്തുണ്ടാകില്ല. പാവം പ്രവാസികളെയോര്‍ത്തു് സങ്കടപെടുന്നവരാണ് നമ്മുടെ ഭരണാധിപന്മാര്‍. 1960 മുതല്‍ അവര്‍ സങ്കടം പങ്കുവെക്കുന്നു. 2020 ല്‍ പരസ്പരം സങ്കടപ്പെടാന്‍ പരിഹാരം കാണാന്‍ ഒരു വേദിയുണ്ടായിരിക്കുന്നു. തല്ലുകൊള്ളാന്‍ ചെണ്ട അല്ലെങ്കില്‍ വിയര്‍പ്പൊഴുക്കുന്നവര്‍, പണം വാങ്ങാന്‍ മാരാര്‍ എന്നു പറഞ്ഞാല്‍ സമ്പന്നര്‍. പ്രവാസികള്‍ക്കായി നല്ല വിത്താണ് വിതച്ചിരിക്കുന്നത്. നല്ല ഫലം തരാതിരിക്കില്ല. എല്ലാ വര്‍ഷവും അധികാരികളുടെ, സമ്പന്നരുടെ മുന്നില്‍ തൊഴും കയ്യുമായി തണുവണങ്ങി പുഞ്ചിരി തൂകി ഒരു വഴിപാടുപോലെ ആരാധന നടത്തി പോകാന്‍ ഇടവരാതിരിക്കട്ടെ.

പ്രവാസികളെപ്പറ്റി പറയുമ്പോള്‍ വിങ്ങുന്ന, വേദനിക്കുന്ന മറ്റൊരു കൂട്ടര്‍ വിദേശ രാജ്യങ്ങളിലുണ്ട്. ഭരണഘടന വിഭാവനം ചെയ്യുന്ന തൊഴില്‍ കൊടുക്കാതെ വന്നപ്പോള്‍ പട്ടിണി മാറ്റാന്‍ കേരളത്തില്‍ നിന്ന് രക്ഷപ്പെട്ട് വിദേശത്ത് പൗരത്വം നേടിയവര്‍. പൗരത്വം കിട്ടിയതുകൊണ്ട് ഈ സഭയില്‍ നിന്ന് പുറത്താകുമോ? തൊഴില്‍ കൊടുക്കാതെ പുറത്താക്കി. ഇപ്പോള്‍ ഇതില്‍ നിന്നും പുറത്താക്കിയിരിക്കുന്നു. അവര്‍ക്കും കൊടിയുടെ നിറം വേണമോ? കേരളത്തിന് പ്രളയംപോലുള്ള വിപത്തുണ്ടായപ്പോള്‍ മാത്രമല്ല എല്ലാം രംഗത്തും കടന്നു വരുന്നവരാണ് വിദേശ മലയാളി പൗരന്‍മാര്‍. അവരുടെ തായ് വേര് കേരളത്തിലാണ്. അഴക് വിരിച്ചു നില്‍ക്കുന്ന ഇന്നത്തെ കേരളത്തിന് ശ്രെഷ്ടമായ സംഭാവനകള്‍ ചെയ്തവരെ കേവലമായ വോട്ട് ബാങ്ക് നോക്കി അകറ്റിനിര്‍ത്തുന്നത് വെറും കമ്പോള അധികാര രാഷ്ട്രീയമല്ലേ? ഭൂതകാലത്തെപോലെ ഭാവികലത്തിന്റ വിധി നിര്‍ണ്ണയത്തില്‍ അവരും പങ്കാളികള്‍ ആകേണ്ടതല്ലേ? അത് വോട്ടു ബാങ്ക് നിര്‍ണ്ണയമെങ്കില്‍ അവര്‍ ശ്രമിച്ചാലും കുറെ വോട്ടുകള്‍ മാറിമറിയും. അവരുടെ ബന്ധുമിത്രാദികള്‍, സുകൃത്തുക്കള്‍ ധാരാളം കേരളത്തിലുണ്ട്. പലരും വീടുകള്‍ക്കും, വസ്തുവകകള്‍ക്കും നികുതി കൊടുക്കുന്നവരാണ്. വിദേശ രാജ്യങ്ങളില്‍ അവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് ഈ മഹാ സഭ എന്ത് തീരുമാനമാണ് കൈകൊണ്ടത്?. അവര്‍ക്ക് കേരളത്തില്‍ വോട്ടില്ല എന്നതുകൊണ്ട് തള്ളിക്കളയാവുന്നതാണോ അവരുടെ പ്രശ്‌നങ്ങള്‍? ഇവരും ഇന്ത്യന്‍ എംബസ്സിയില്‍ പല ആവശ്യങ്ങള്‍ക്കായി പോകാറുണ്ട്. ചില രേഖകള്‍ക്ക് ഇന്ത്യന്‍ എംബസ്സി സ്റ്റാമ്പ് ആവശ്യമാണ്. വിമാന കമ്പനിക്കാരെപോലെ കാറ്റുള്ളപ്പോള്‍ തൂറ്റണമെന്നാണ് എംബസ്സികളുടെ നയം. ഒരു പേപ്പറില്‍ സ്റ്റാമ്പ് അടിക്കുന്നതിന് സാരമായ ഒരു തുക വാങ്ങാതെ വന്‍ തുക വാങ്ങുന്ന വിയര്‍ക്കുന്ന വര്‍ഗ്ഗം. ഈ ലോകത്തെ വാര്‍ത്തെടുത്തത് തൊഴിലാളികളാണ് അവരുടെ പേരില്‍ പലരും മുതലാളിമാരായി മാറിയിട്ടുണ്ട്. വിദേശ പൗരത്വം ലഭിച്ചവര്‍ പ്രവാസലോകത്തും കേരളത്തിലും ചൂക്ഷണം നേരിടുന്നത് ഈ മഹാ സഭ അല്ലെങ്കില്‍ നോര്‍ക്ക വകുപ്പ് കാണാറുണ്ടോ? ആഴങ്ങളില്‍ നീന്തിത്തുടിക്കുന്ന സ്രാവുകള്‍ വേദികള്‍ പങ്കിടുമ്പോള്‍ ഈ പരല്‍ മീനുകള്‍ക്ക് ഈ വേദിയില്‍ എന്ത് കാര്യമെന്ന് വിവേകശാലികള്‍ക്ക് ചിന്തിക്കാന്‍ പറ്റുമോ? കേരളത്തിന്റ കൂടെപ്പിറപ്പായി ഒപ്പം നിന്നവരെ ഇങ്ങനെ തള്ളിക്കളയുരുത്. അവര്‍ ഒഴുക്കിയ വിയര്‍പ്പും കണ്ണുനീരും കണ്ണുതുറന്ന് കണ്ടിരുന്നെങ്കില്‍ അവരും ഈ വേദിയില്‍ കാണുമായിരിന്നു.

കേരളത്തില്‍ നിന്ന് പാശ്ചാത്യ രാജ്യങ്ങളിലേക്കും, ഗള്‍ഫിലേക്കും കുടിയേറ്റം തുടങ്ങുന്നത് 1960 മുതലാണ്. പ്രവാസിയുടെ സമ്പത്ത് 2017/ 2018 ല്‍ 2 ലക്ഷം കോടിയില്‍ കൂടുതല്‍ എന്നാണ് കണക്കന്മാര്‍ പറയുന്നത്. എന്നാല്‍ എത്ര മലയാളികള്‍ ഏതെല്ലാം രാജ്യങ്ങളിലുണ്ട് എന്നതിന് കൃത്യമായ ഒരു കണക്കില്ല. ഈ മഹാസഭയില്‍ ഇത് ആരെങ്കിലും ചോദിച്ചു് ഒരുത്തരം കണ്ടെത്തിയോ? നീണ്ട വര്‍ഷങ്ങള്‍ കേരളത്തിന്റെ വളര്‍ച്ചക്കായി രാപകല്‍ അധ്വാനിച്ച വിദേശ മലയാളി പൗരന്മാരുടെ സമ്പത്തിന്റ കണക്ക് വോട്ടു ബാങ്ക് രാഷ്ട്രീയം എത്ര വേഗത്തിലാണ് മറക്കുന്നത്. അവര്‍ വിദേശത്തു വിത്തിറക്കി സമ്പത്തു കൊടുത്തപ്പോള്‍ പഞ്ചസാര പായസമായിരിന്നു. ഇപ്പോള്‍ ഒരു വിത്തില്‍ പല വിത്ത് വിളയിക്കുന്നവര്‍ അത് വോട്ട് ബാങ്ക് രാഷ്ട്രീയമാകട്ടെ, മാലോകരാറിയാത്ത വിദേശത്തുള്ള കുട്ടുകച്ചവടമാകട്ടെ, കള്ള പണം വെളുപ്പിക്കലാകട്ടെ, അനധികൃത സ്വത്തു് സമ്പാദ്യമാകട്ടെ ഇപ്പോള്‍ വിളവൊന്നും എടുക്കാനില്ലെന്ന് കണ്ട് അവരെ കറിവേപ്പിലപോലെ തള്ളിക്കളയുന്നു. ഇതും ഒറ്റപെടുത്തലിന്റെ, വേര്‍തിരിക്കുന്നതിന്റ രാഷ്ട്രീയമാണ്. എല്ലാവരോടും തുല്യ നീതി പുലര്‍ത്താത്ത രാഷ്ട്രീയം ഫാസിസമാണ്.

സൂക്ഷ്മതയോടെ ശ്രദ്ധിച്ചാല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ മാത്രമല്ല പ്രവാസികള്‍ക്കും സംശങ്ങള്‍ ഏറെയാണ്. ഇതില്‍ പങ്കെടുത്തവര്‍ ആരുടെ പ്രതിനിധിയാണ്? ഇതിലെ അംഗങ്ങള്‍ ഓരോ രാജ്യങ്ങളെ പ്രനിധികരിക്കുന്നുവെന്ന് കേട്ടപ്പോള്‍ കണ്ണില്ലാത്തവന് എന്തിന് കണ്ണാടി എന്നൊക്കെ പലര്‍ക്കും തോന്നുന്നു. മൂന്നാം ലോക മലയാള സഭയിലേക്ക് കാഴ്ച്ചക്കാരായിട്ടെങ്കിലും പ്രവാസികളെ സ്വാഗതം ചെയ്താല്‍ കയ്യടിക്കാന്‍ ആള്‍ക്കാരെ കിട്ടും. പാവം പ്രവാസികളും കേരളത്തിലെ പാവം മലയാളികളും എന്തിനും കാഴ്ചക്കാര്‍ ആണല്ലോ. പീഡനങ്ങള്‍ ഏറ്റുവാങ്ങാന്‍, കയ്യടിക്കാന്‍, വിയര്‍പ്പൊഴുക്കാന്‍, പോലീസിന്റ തല്ലുകൊള്ളാന്‍ വിധിക്കപ്പെട്ടവര്‍. ഇതില്‍ പങ്കെടുത്തവര്‍ ആരാണ്? ആരുടെ പ്രതിനിധിയാണ്, ഇവരുടെ യോഗ്യതകള്‍, അവരുടെ സാമുഹ്യ സംഭാവനകള്‍ എന്തൊക്കെ എന്നത് നോര്‍ക്ക വഴി വെളിപ്പെടുത്തുമോ? ബ്രിട്ടനില്‍ ചെറുതും വലുതുമായ ധാരാളം സംഘടനകളുണ്ട്. സംഘടനകളെ പ്രതിനിധികരിച്ചാണ് വന്നതെങ്കില്‍ യൂറോപ്പിലെ മാത്രമല്ല ലോകത്തെ ഏറ്റവും വലിയ സംഘടനയായ യൂക് മയില്‍ നിന്ന് ആരാണ് വന്നത്? ബ്രിട്ടനിലെ പ്രമുഖ സാഹിത്യ സംഘടനയായ ലണ്ടന്‍ മലയാള സാഹിത്യ വേദി, ലണ്ടന്‍ മലയാളി കൌണ്‍സില്‍ അങ്ങനെ ധാരാളം കലാസാംസ്‌കാരിക-ജീവ കാരുണ്യ സംഘടനകളുണ്ട്. ഇതില്‍ നിന്ന് ആരൊക്കെ വന്നു? അതുപോലെ ബ്രിട്ടനില്‍ നിന്നുള്ള ജീവ കാരുണ്യ മേഖല, കലാ സാഹിത്യകാരന്‍ന്മാര്‍, മെഡിക്കല്‍ രംഗത്ത് നിന്നുള്ളവര്‍, വ്യവസായികള്‍, ശാസ്ത്ര-സാങ്കേതിക രംഗത്തുള്ളവര്‍, മാധ്യമ രംഗത്ത് നിന്നുള്ളവര്‍ എത്രയെന്ന് ഇവിടുത്തെ പ്രമുഖ ഓണ്‍ലൈന്‍ വഴിയെങ്കിലും ഒന്നു വെളിപ്പെടുത്താനുള്ള ആര്‍ജ്ജവമുണ്ടോ?

ഏത് പാര്‍ട്ടിയായാലും കൊടിയുടെ നിറ0 നോക്കി കേരളത്തില്‍ എഴുത്തുകാരെ വേര്‍തിരിക്കുന്നതുപോലെ വിദേശ രാജ്യങ്ങളിലും കോടിയുടെ നിറം നോക്കി ആ വേര്‍തിരിവ് പലതിലും നടപ്പാക്കാറുണ്ട്. പഴയെ ജന്മി കുടിയന്‍ വ്യവസ്ഥിതി. ഇവിടെ ജന്മിയായി വരുന്നത് കൊടിയുടെ നിറമുള്ളവരാണ്. ഫ്യൂഡല്‍ വ്യവസ്ഥിതിക്കെതിരെ പടപൊരുതിയവരുടെ അനന്തരാവകാശികള്‍. അധികാരം കിട്ടിയാല്‍ മാതൃ ഭാഷയില്‍ പോലും വെറുപ്പിന്റ രാഷ്ട്രീയമാണ് വളര്‍ത്തുന്നത്. ഇത് എന്ത് ജനാധിപത്യബോധമാണ്? ലോക കേരള സഭ പ്രവാസിക്ക് സുരക്ഷിതമായ ഒരു താവളമാകണം. അത് ലോകവീക്ഷണമുള്ള ഒരു വേദിയാക്കണം അല്ലാതെ അവസരവാദ രാഷ്ട്രീയ വേദിയായി മാറ്റരുത്. ഏത് പാര്‍ട്ടിയായാലും പ്രവാസി നേരിടുന്ന പ്രശ്‌നങ്ങള്‍ക്കാണ് മുന്‍ഗണന കൊടുക്കേണ്ടത്. പ്രവാസിയുടെ സുരക്ഷിതത്വം എല്ലാം പാര്‍ട്ടിക്കാരും എല്ലാം രംഗത്തുനിന്നുള്ളവരും ഒന്നായി നിന്ന് നേരിടുകയാണ് വേണ്ടത്. ഏത് വിശ്വാസ ആശയത്തില്‍ അടിയുറച്ചവരായാലും പ്രവാസികളില്‍ സ്വീകാര്യത വളര്‍ത്തുന്നത് എല്ലാവരും ഒന്നായി നിന്ന് പുരോഗമന ആശയങ്ങള്‍ പ്രവാസികള്‍ക്കായി പങ്കുവെക്കുമ്പോഴാണ്. അതിലുപരി എതിര്‍പ്പിന്റ, വെറുപ്പിന്റ ശബ്ദം. കൊടിയുടെ നിറം നോക്കി എതിരാളികളെ നിശബ്തരാക്കുന്നത്,അടിച്ചമര്‍ത്തുന്നത് ക്രൂരതയാണ്.

പ്രവാസികള്‍ക്ക് സംഗമിക്കാന്‍. ഐക്യബോധം വളര്‍ത്താന്‍, പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഈ വേദി ഇന്നും എപ്പോഴും അതിന് ചുക്കാന്‍ പിടിച്ച സര്‍ക്കാരും നല്ലതാണ്. അതിന് ആരും എതിരല്ല. അവിടെ സങ്കുചിത താല്പര്യങ്ങള്‍, കൊടിയുടെ നിറം കടന്നുവരുമ്പോഴാണ് മനുഷ്യരില്‍ വെറുപ്പിന്റ രാഷ്ട്രീയം വളരുന്നത്. പ്രതിപക്ഷം പറയുന്ന ധൂര്ത്തു് സത്യമല്ലെന്ന് സ്ഥാപിക്കാന്‍ സര്‍ക്കാര്‍ ഇതിന്റ കണക്കുകള്‍ പുറത്തുവിടുകയാണ് വേണ്ടത്. പ്രവാസികളിലെ ഐക്യബോധം, പരസ്പര സഹകരണം, സ്നേഹം, ഭാഷയോടുള്ള കടപ്പാട് മതരാഷ്ട്രീയത്തെക്കാള്‍ ഏറ്റവും മൂല്യവത്തായി കാണുന്നവരാണ്. ലോക മലയാള സംഗമവേദി ആരിലും അസ്വസ്ഥത വളര്‍ത്താതെ പ്രവാസികളെ പുതുക്കിപ്പണിയാനുള്ള ഒരു വേദിയായി മാറട്ടെ.