മന്ത്രി സ്ഥാനത്തിന്റെ പേരില്‍ എന്‍സിപിയില്‍ വീണ്ടും തമ്മിലടി

മന്ത്രി സ്ഥാനത്തിന്റെ പേരില്‍ എന്‍സിപിയില്‍ വീണ്ടും ഭിന്നത. മാണി സി കാപ്പന് പിന്നാലെ മന്ത്രി എ കെ ശശീന്ദ്രനേയും ശരത് പവാര്‍ മുംബൈക്ക് വിളിപ്പിച്ചു. എന്നാല്‍ മകന്റെ കല്യാണം ക്ഷണിക്കാനാണ് പവാറിനെ കണ്ടതെന്ന് എ കെ ശശീന്ദ്രന്‍ പറഞ്ഞു.

പാലായില്‍ അട്ടിമറി ജയം നേടിയ മാണി സി കാപ്പനെ മന്ത്രിയാക്കാന്‍ സിപിഐഎം ഒരുക്കമാണ്. എന്നാല്‍ തീരുമാനം വരേണ്ടത് എന്‍സിപിയില്‍ നിന്നെന്ന നിലപാടാണ് സിപിഐഎമ്മിന്റേത്. എ കെ ശശീന്ദ്രനാകട്ടെ മന്ത്രി പദം ഒഴിയാനും തയ്യാറല്ല. സംസ്ഥാന അധ്യക്ഷന്‍ തോമസ് ചാണ്ടിയുടെ മരണത്തോടെ മന്ത്രി സ്ഥാനത്തിനുള്ള നീക്കം മാണി സി കാപ്പന്‍ അനുകൂലികള്‍ സജീവമാക്കി. ആദ്യം സംസ്ഥാന പ്രസിഡന്റിനെ കണ്ടെത്തട്ടെ എന്ന നിലപാടിലാണ് എന്‍സിപി ദേശീയ നേതൃത്വം.

ശശീന്ദ്രനും മാണി സി കാപ്പനും സംസ്ഥാന പ്രസിഡന്റാവാന്‍ താത്പര്യവുമില്ല. എന്‍സിപി നേതാവ് പ്രഫുല്‍ പട്ടേല്‍ അടുത്ത മാസം കേരളത്തിലെത്തി നേതാക്കളുടെ മനസ് അറിയും. പുതിയ പ്രസിഡന്റിനെ വേഗം നിശ്ചയിക്കാനായില്ലെങ്കില്‍ ടി പി പീതാംബരനെ താത്കാലിക അധ്യക്ഷനാക്കിയേക്കും. തോമസ് ചാണ്ടിയുടെ മരണത്തെ തുടര്‍ന്ന് ഒഴിവുവന്ന കുട്ടനാട് സീറ്റ് സിപിഐഎം ഏറ്റെടുക്കുമോ, ഫ്രാന്‍സിസ് ജോര്‍ജ് പക്ഷ കേരള കോണ്‍ഗ്രസിന് കൈമാറുമോ എന്ന ആശങ്ക എന്‍സിപി നേതാക്കള്‍ക്കുണ്ട്.

ഈ സാഹചര്യത്തില്‍ എത്രയും വേഗം അധ്യക്ഷനെ നിശ്ചയിക്കണമെന്ന വികാരമാണ് സംസ്ഥാന നേതാക്കള്‍ക്ക്. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ തോമസ് ചാണ്ടി മരണമടഞ്ഞിട്ട് ദിവസങ്ങളായെങ്കിലും തലസ്ഥാനത്ത് അനുസ്മരണ പരിപാടി നടത്താന്‍ പോലും എന്‍സിപി നേതാക്കള്‍ക്കായിട്ടില്ല.