ഐ പി എല്‍ ; ഒരു ദിവസം ഒരു മത്സരം മതിയെന്ന് സ്റ്റാര്‍ സ്പോര്‍ട്സ്
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഒരു ദിവസം ഒരു മത്സരം മതിയെന്ന് പ്രമുഖ സ്പോര്‍ട്സ് ചാനല്‍ ആയ സ്റ്റാര്‍ സ്പോര്‍ട്സ്. ലീഗില്‍ വൈകിട്ട് നാലു മണിക്ക് തുടങ്ങുന്ന മത്സരങ്ങള്‍ ഉപേക്ഷിക്കണമെണ് സ്റ്റാര്‍ സ്പോര്‍ട്സ് ആവശ്യപ്പെട്ടിരിക്കുന്നത്. ദിവസേന ഒരു മത്സരം മാത്രം മതിയെന്നാണ് സ്റ്റാര്‍ സ്പോര്‍ട്സിന്റെ നിലപാട്. ടിആര്‍പി റേറ്റിംഗിനെ ബാധിക്കുന്നു എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് രണ്ട് മത്സരങ്ങളുള്ള ദിവസങ്ങളിലെ വൈകിട്ടുള്ള മത്സരങ്ങള്‍ ഉപേക്ഷിക്കണമെന്നാണ് സ്റ്റാര്‍ സ്പോര്‍ട്സിന്റെ അഭ്യര്‍ത്ഥന.
എന്നാല്‍ ഒരു ദിവസം രണ്ട് മത്സരങ്ങള്‍ നടത്തുന്നത് ബിസിനസിനെ ബാധിക്കുമെന്ന സ്റ്റാര്‍ സ്പോര്‍ട്സിന്റെ വാദത്തോട് ബിസിസിഐ ഇതുവരെ പ്രതികരിച്ചിട്ടില്ല. രണ്ട് മത്സരങ്ങള്‍ ഒഴിവാക്കി ഒരു ദിവസം ഒരു മത്സരം മാത്രമാക്കിയാല്‍ അത് ടൂര്‍ണമെന്റിന്റെ സമയക്രമത്തെ ബാധിക്കുന്നതു കൊണ്ട് ബിസിസിഐ ഈ നിര്‍ദ്ദേശം തള്ളിയേക്കും. മാത്രമല്ല, ഇങ്ങനെ വരുമ്പോള്‍ ടൂര്‍ണമെന്റിന്റെ ദൈര്‍ഘ്യം വര്‍ധിക്കുന്നതു കൊണ്ട് തന്നെ വിദേശ താരങ്ങളുടെ ലഭ്യതയെയും ബാധിച്ചേക്കും. അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ സ്റ്റാര്‍ സ്പോര്‍ട്സിനു തിരിച്ചടി നേരിട്ടേക്കാം.
നേരത്തെ എട്ടു മണിക്ക് തുടങ്ങുന്ന മത്സരങ്ങള്‍ നേരത്തെയാക്കണമെന്നും സ്റ്റാര്‍ സ്പോര്‍ട്സ് ആവശ്യപ്പെട്ടിരുന്നു. ഏഴിനോ ഏഴരക്കോ മത്സരങ്ങള്‍ ആരംഭിക്കണമെന്നായിരുന്നു സ്റ്റാര്‍ സ്പോര്‍ട്സിന്റെ ആവശ്യം. രാത്രി 11 മണിക്കു ശേഷം ടിആര്‍പ്പി റേറ്റിംഗ് കുറയുമെന്ന കാരണമാണ് സ്റ്റാര്‍ സ്പോര്‍ട്സ് മുന്നോട്ടു വെച്ചത്. ഈ നിര്‍ദ്ദേശം ഫ്രാഞ്ചസികള്‍ നേരത്തെ തള്ളിയിരുന്നു.